യു.ഡി.എഫ് മുന്നണി പ്രവേശന നീക്കവുമായി അന്‍വര്‍; ഇന്ന് പാണക്കാട്ടെത്തും, നേതാക്കളെ കാണും
മലപ്പുറം: യു.ഡി.എഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി.വി അന്‍വര്‍ എം.എല്‍.എ. യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ച അന്‍വര്‍, എല്ലാ യു.ഡി.എഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി.
അതേസമയം, അന്‍വര്‍ ഇന്ന് പാണക്കാട്ടെത്തുമെന്നാണ് വിവരം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി വി അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണവെ പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് പി വി അന്‍വര്‍ പാണക്കാട്ടെത്തുക. മുസ്‌ലിം ലീഗിന് പുറമെ യു.ഡി.എഫിലെ മറ്റുഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനാണ് അന്‍വറിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് അന്‍വര്‍ പറയുന്നത്. മുന്നണി പ്രവേശനത്തിന് യു.ഡി.എഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യു.ഡി.എഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം.
അതേസമയം, നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ചിന് പിന്നാലെയുണ്ടായ അറസ്റ്റിനെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എക്ക് യു.ഡി.എഫില്‍ സ്വീകാര്യതയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്‍വറിനോട് താല്‍പര്യം കാണിക്കാതിരുന്ന നേതാക്കള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനെ തള്ളാന്‍ പറ്റാത്ത അവസ്ഥയായി. സി.പി.എമ്മിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടുന്ന അന്‍വറിനെ ഇനിയും മാറ്റിനിര്‍ത്തരുതെന്ന വികാരം യു.ഡി.എഫില്‍ ശക്തമാണ്.
അതേസമയം, അറസ്റ്റ് വിഷയത്തില്‍ അന്‍വറിനെ പിന്തുണച്ചെങ്കിലും യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ശക്തമാണ്. അന്‍വര്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരാണെങ്കിലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് മുന്നണിക്ക് ക്ഷീണമായെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അന്‍വറിന് വിനയാവുകയായിരുന്നു. പിന്നീടുള്ള അന്‍വറിന്റെ പല നീക്കങ്ങളെയും യു.ഡി.എഫ് സംശയദൃഷ്ടിയോടെയാണ് കണ്ടത്.
സംസ്ഥാന വനനിയമ ഭേദഗതിക്കെതിരേ അന്‍വര്‍ സംഘടിപ്പിച്ച ജനകീയ യാത്രയില്‍ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചത് വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെയായിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ അപ്പച്ചന്‍ പിന്‍മാറി.
അന്‍വറിന്റെ കാര്യത്തില്‍ കരുതലോടെ നീങ്ങണമെന്നാണ് സതീശന്റെ നിലപാട്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിന് തൊട്ടുപിന്നാലെ യു.ഡി.എഫ് നേതാക്കളായ കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെല്ലാം അന്‍വറിന് പിന്തുണയുമായി രംഗത്തെത്തി.
അന്‍വറിലൂടെ നഷ്ടപ്പെട്ട യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റായ നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം യു.ഡി.എഫില്‍ ശക്തമാണ്. അതിനിടെ, അന്‍വറിനെ യു.ഡി.എഫില്‍ എടുക്കണമെന്ന ആവശ്യവുമായി സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ രംഗത്തെത്തി. അന്‍വറിന്റെ അറസ്റ്റ് നിര്‍ണായക രാഷ്ട്രീയ വഴിത്തിരിവ് ആണെന്നാണ് സി.പി ജോണ്‍ പ്രതികരിച്ചത്.
എന്നാല്‍ അന്‍വറിനെ തിടുക്കപ്പെട്ട് മുന്നണിയില്‍ എടുക്കേണ്ട എന്നാണ് ആര്‍.എസ്.പിയുടെ നിലപാട്. അന്‍വറിന് കൃത്യമായ രാഷ്ട്രീയമില്ലെന്നും ഓരോ ദിവസവും ഓരോ ഇടത്താണെന്നും അതുകൊണ്ട് ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് ഭയമുണ്ടെന്നുമാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞത്. അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ)യെ മുന്നണിയില്‍ എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ യു.ഡി.എഫിലെ ഭൂരിഭാഗം നേതാക്കളും. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ ആരും പരസ്യമായി എതിര്‍ക്കുന്നില്ല.
തുടക്കത്തില്‍ ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും തമിഴ്നാട്ടിലെ ഡി.എം.കെയുമായും അന്‍വര്‍ സഖ്യസാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസുമായി അടുക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തിനും കാര്യമായ പിന്തുണ കിട്ടിയില്ല. അതിനിടെയാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന തരത്തില്‍ അന്‍വറിന്റെ അറസ്റ്റുണ്ടായത്. തന്നെ പൂര്‍ണമായി തള്ളിയ യു.ഡി.എഫ് നടപടിയിലൂടെ രൂപപ്പെട്ട പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ താല്‍ക്കാലികമായെങ്കിലും മറികടക്കാന്‍ അറസ്റ്റ് അന്‍വറിന് സഹായകമായി.
അന്‍വറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയിലുള്ള കോണ്‍ഗ്രസിനുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശവും വി.ഡി സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷന്‍ സമയത്ത് നടത്തിയ ജാതീയ പരാമര്‍ശങ്ങളും പിന്‍വലിച്ച് പി.വി അന്‍വര്‍ സ്വയം തിരുത്തണമെന്നാണ് ബല്‍റാം ആവശ്യപ്പെട്ടത്.
താന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ യു.ഡി.എഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും ബല്‍റാം കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."