അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചതായാണ് പരാതി. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
ഡിസംബർ 31 ന് രാത്രിയാണ് സംഭവം നടക്കുന്നത്. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. ഈ സമയത്ത് അഖിലിൻ്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഇവർ പറയുന്നത്. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതോടെ വീടിന് മുന്നിലെ റോഡിലേക്ക് മാറിനിന്നു.
ഈ സമയം അച്ഛനും മകനും തമ്മിൽ തർക്കം നടക്കുന്നത് അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. ഇവർ റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമേറ്റിട്ടുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം. നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."