കൊല്ലം കുന്നത്തൂരിലെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; പ്രതികളായ ദമ്പതിമാര്‍ അറസ്റ്റില്‍
കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2024 ഡിസംബര്‍ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചിരുന്നു. മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."