സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
മലപ്പുറം: സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് പിടികൂടി. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞമാസം 15ന് രാത്രിയാണ് താനൂർ മുക്കോല മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സിപിഎം മുക്കോല ബ്രാഞ്ച് സെക്രട്ടറി താനൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് ആർഎസ്എസ് പ്രവർത്തകനായ ജിഷ്ണു പിടിയിലാകുന്നത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താനൂർ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസ് സംഘം താനൂർ പരിസരത്ത് ഒരാൾ സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് കണ്ടത്.
തുടർന്ന് ഇയാളെ പൊലീസ് കൈയ്യോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ നേരത്തെയും പാർട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."