അന്ന് ഞങ്ങൾ 10 പേരായിട്ടും അവരെ തോൽപ്പിച്ച് കിരീടം നേടി; പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് റൊണാൾഡോ
റിയാദ്: സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2023ൽ നടന്ന കിങ്‌സ് കപ്പ് ഫൈനലിൽ 10 പേരുമായി കളിച്ചുകൊണ്ട് അൽ ഹിലാലിനെ പരാജയപ്പെടുത്തിയാണ് ഏറ്റവും മികച്ച നിമിഷമെന്നാണ് റൊണാൾഡോ പറഞ്ഞത്. അൽ നസർ സോണിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.
അൽ നാസറിനൊപ്പമുള്ള ആദ്യ സീസണിൽ ആയിരുന്നു റൊണാൾഡോ അൽ ഹിലാലിനെ വീഴ്ത്തി അറബ് ക്ലബ് കപ്പ് സ്വന്തമാക്കിയത്. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. മത്സരത്തിൽ സഊദി വമ്പൻമാർക്ക് വേണ്ടി റൊണാൾഡോ ഇരട്ടഗോൾ നേടിയാണ് കിരീടം നേടിക്കൊടുത്തത്.
2023-24 സീസണിൽ അൽ നസറിനായി തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിയത്. 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്.
കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ ഫിനിഷ് ചെയ്തിരുന്നത്. 34 മത്സരങ്ങളിൽ നിന്നും 26 വിജയവും നാല് വീതം തോൽവിയും സമനിലയുമായി 82 പോയിന്റായിരുന്നു അൽ നസറിന് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ അൽ ഹിലാൽ ആയിരുന്നു സൗദി ലീഗിലെ ചാമ്പ്യൻമാരായത്.
ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് അൽ നസറിനൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ 19 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴു വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റോടെ നാലാം സ്ഥാനത്താണ് അൽ നസർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."