'തലക്കന' മുള്ള എം.ടി
മുന്വിധികള് പലപ്പോഴും സമൂഹത്തില് ഏറെ തെറ്റിദ്ധാരണകള്ക്കും പ്രചാരണങ്ങള്ക്കുമൊക്കെ വഴിവെക്കാറുണ്ട്. എം.ടി എന്ന് കേള്ക്കുമ്പോള് എങ്ങനെയോ പരക്കുകയും പലപ്പോഴും പലരുടെയും മുന്പില് ആദ്യം വരുന്ന ഒരു കാര്യവും ഇതു തന്നെയാണ്. അയാള്ക്ക് വലിയ തലക്കനമാണല്ലേ?
2000 ല് എം.ടി എന്ന സാഹിത്യകാരനെ ആദ്യമായി അഭിമുഖം നടത്താന് അവസരം കിട്ടുംവരെ എന്റെയും ധാരണ ഇതായിരുന്നു. പരിണിത പ്രജ്ഞരായ അനേകം പേര് തയ്യാറായിട്ടും പുതുമുഖമായ എന്നെ ഈയൊരു ദൗത്യം ഏഴാചേരി രാമചന്ദ്രന് സാറ് ഏല്പിക്കുകയായിരുന്നു. ഒരു പുതിയ മുഖമാകട്ടെയെന്ന് എം.ടിയും പറഞ്ഞുവത്രേ. കോഴിക്കോട് റെയില്വെസ്റ്റേഷന് ലിങ്ക് റോഡിലെ അല് അമീന് ബില്ഡിംഗില് അങ്ങനെ രണ്ടായിരത്തിലെ ഒരു സായാഹ്നത്തില് എം.ടിയുടെ മുന്നില് ഞാന് എത്തി.
മൊബൈലും മറ്റുമില്ലാത്ത അന്ന് സുഹൃത്തിനോട് കടം വാങ്ങിയ റിക്കോര്ഡിംഗ് സൗകര്യമുള്ള ഒരു വാക്ക് മാനുമായാണ് (ചെറിയ ടേപ്പ് റിക്കോര്ഡര്) പോയത്.
കണ്ടു പരിചയപ്പെട്ടു. മുഖത്ത് വലിയ ചിരിയൊന്നുമില്ല.
അത് എന്റെ മുന്വിധിയുടെ തോത് കൂട്ടി. ആദ്യത്തെ ചോദ്യം ചോദിച്ചു. എം.ടി മറുപടി പറഞ്ഞു തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്, വാക്ക് മാന് ഓണാകുന്നില്ല. പിന്നെ കുറെ നേരത്തേക്ക് അതിലെ എല്ലാ സ്വിച്ചും വീണ്ടും വീണ്ടും ഞെക്കി നോക്കി. ഇല്ല.
മുകളില് ഫാന് കറങ്ങുന്നുണ്ടെങ്കിലും അന്നാദ്യമായാണ് വിയര്പ്പില് കുളിക്കുന്നത് അനുഭവിച്ചറിഞ്ഞത്.
പടച്ചോനെ, തീര്ന്നു. ആറ്റുനോറ്റു കിട്ടിയ ജീവിതത്തിലെ വലിയൊരു മുഹൂര്ത്തം. അതുവരെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയിരുന്നില്ല. അടുത്തു വരുന്ന ചീത്തയും പ്രതീക്ഷിച്ചു കല താഴ്ത്തിയിരുന്ന ഞാന് അവസാനം തല അല്പം പൊക്കി, സാര് ഇതു കേടാണ്.
ഹും! ന്നാപ്പിന്നെ പിന്നീടാക്കാം.
ല്ലാ സര്, ഞാന് നാളെ രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്. ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇങ്ങനെ പറഞ്ഞതെങ്കിലും എന്നെ ഞെട്ടിച്ചു കൊണ്ട്, ന്നാ താന് നാളെ വൈകീട്ട് തന്നെ ഇതു നന്നാക്കിയിട്ട് പോര് !
പിറ്റേന്ന് ചെന്ന് ഇന്റര്വ്യൂ എടുത്തു.
നാലു ആഴ്ചകളിലായി ദേശാഭിമാനി വാരാന്തപതിപ്പില് അഭിമുഖം അച്ചടിച്ചു വന്നു. പല ഭാഗത്തുനിന്നും പലരും വിളിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോള് ഒരു ദര്സ് വിദ്യാര്ഥി വിളിച്ചു. കാര്യം നിസ്സാരം. പുള്ളിയുടെ പരിസ്ഥിതി സംബന്ധമായ ഒരു പുസ്തകം വായിച്ച് എം.ടി അഭിപ്രായം പറയണം. അതിന് ഞാന് ഇടനിലക്കാരനാകണം. മോനെ, അതിനൊന്നും അദ്ദേഹത്തെപ്പോലെ വലിയ ആളുകളെ കിട്ടുമോന്ന് തോന്നില്ല. വലിയ വലിയ എഴുത്തുകാരു പോലും അവതാരിക എഴുതി കിട്ടാനായി കാത്തിരിക്കുന്ന ആളാണ്. അവസാനം ഇടനിലക്കാരന് എന്നതില് നിന്ന് എന്നെ അവന് ഒഴിവാക്കി തന്നെങ്കിലും ഫോണ് നമ്പര് തന്നേ തീരൂ. നമ്പര് കൊടുത്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോള് അതാ പയ്യന് വീണ്ടും വിളിക്കുന്നു. നിങ്ങള് പറഞ്ഞപോലൊന്നുമല്ല. മൂപ്പര് 35 മിനിറ്റ് എന്നോട് ഫോണില് സംസാരിച്ചു. പല നിര്ദേശങ്ങളും തന്നു. ഒന്നു രണ്ടു പ്രാവശ്യം മാറ്റിയെഴുതി, ഒരു പൂര്ണ രൂപത്തിലാകുമ്പോള് വിളിക്കാന് പറഞ്ഞു. സമയവും സന്ദര്ഭവും ഒത്തുവന്നാല് വായിച്ച് കുറിപ്പെഴുതി തരാമെന്ന് പറഞ്ഞു.! എന്നാല് തന്നെ കാണുവാന് വീട്ടില് വന്ന ഒരു കവിയും ഗാനരചയിതാവുമായ പ്രമുഖനോട്, ന്താണ് കാര്യം പറയൂ...ന്നാ ശരി വേറൊന്നുമില്ലല്ലോ.. എന്ന് പറഞ്ഞ് കൂടിക്കാഴ്ച അവസാനിപ്പിച്ച് മടക്കി വിട്ട കഥയും എനിക്കറിയാം.
അതെ അതാണ് എം.ടി.
വരുന്നവരുടെ വലുപ്പ ചെറുപ്പത്തിനപ്പുറം അവരുടെ കാര്യത്തോടുള്ള ആത്മാര്ഥതയായിരുന്നു എം.ടിയുടെ അളവുകോല്. വരുന്ന ആള് സത്യസന്ധമായ ഒരു കാര്യത്തിനാണ് വരുന്നതെങ്കില് അത് എം.ടി തിരിച്ചറിഞ്ഞിരിക്കും. അതിനെ ആ നിലക്ക് തന്നെയായിരിക്കും അദ്ദേഹം കാണുക. മറിച്ച് മറ്റുള്ളവരുടെ മുന്പില് തന്റെയടുത്ത് വന്ന് ആളാകുവാനെങ്കില് അതിനെ ആ നിലക്കുമേ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പക്ഷേ, അത് എങ്ങനെയോ ഒരു വലിയ തലക്കനത്തിന്റെ മുന്വിധിയിലെത്തിച്ചു. പൊതു സമൂഹത്തിലെ പലരെയും എന്തെങ്കിലും പ്രതികരണത്തിനായി വിളിച്ചിട്ട് ദേഷ്യപ്പെട്ട് ചീത്ത വരെ കേള്ക്കേണ്ടി വന്നത് പല മാധ്യമസുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. എന്നാലൊരു സാധാരണക്കാരനായ പത്ര സുഹൃത്തിന്റെ പുസ്തകം പ്രകാശനം ചെയ്യാമോയെന്ന് ചോദിച്ചപ്പോള് അന്ന് തന്നെ അധികമാളുകളില്ലാതെ വീട്ടില് വന്നോളൂ എന്ന് പറഞ്ഞ എം.ടി യെയും കണ്ടറിഞ്ഞിട്ടുണ്ട്.
ചില പത്രങ്ങളെല്ലാം എം.ടിയുടെ അഭിമുഖമാണ് വരുന്നതെങ്കിലും അദ്ദേഹത്തിനും ഒരു ചെറിയ പ്രതിഫലം സന്തോഷമെന്ന നിലക്ക് പണ്ട് നല്കാറുണ്ട്. പക്ഷേ ഈ പൈസയൊന്നും സ്വന്തമാവശ്യത്തിന് എടുക്കാതെ, പല കുട്ടികള്ക്കും വിദ്യാഭ്യാസ ആവശ്യത്തിനും മറ്റും സഹായമായി നല്കുന്ന എം.ടിയെയും അധികമാരും അറിയില്ല.
A memoir about M.T.'s broad-mindedness
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."