സര്‍ഗലയ സാഹിത്യപ്രതിഭാ പുരസ്‌കാരം ഡോ.സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രക്ക്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തോടനുബന്ധിച്ച് നല്‍കുന്ന സര്‍ഗലയ സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.സി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയെ തെരഞ്ഞെടുത്തു.
പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ ഫൈസി അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അറബിക് കവിയുമാണ്. സമസ്ത സ്ഥാപകകാല നേതാവ് അരിപ്ര മൊയ്തീന്‍ ഹാജിയുടെ മകന്‍ സി. കെ സഈദ് മുസ്‌ലിയാര്‍ ആണ് പിതാവ്. കടമേരി റഹ്മാനിയ അറബിക് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം നടത്തി ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ട്രൈനിങ് കോഴ്‌സും പൂര്‍ത്തിയാക്കി. ഏലംകുളത്ത് അഞ്ച് വര്‍ഷം ദര്‍സ് നടത്തിയ ഫൈസി 25 വര്‍ഷമായി ആലത്തൂര്‍പടി ജുമാമസ്ജിദില്‍ മുദരിസായി തുടരുന്നു.ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദര്‍സില്‍ അധ്യാപനത്തിനിടെയാണ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന എം.എ അറബിക്,എം.എ മലയാളം എന്നിവയും അറബികില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കി. മജല്ലതുദ്ദര്‍സ് ചീഫ് എഡിറ്ററും അന്നൂര്‍ അറബിക് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്. പ്രമുഖ മാഗസിനുകളില്‍ അറബി, മലയാളം, ഉറുദു ഭാഷകളില്‍ ലേഖനം,അറബി ഭാഷയില്‍ കവിത എന്നിവ എഴുതുന്നു. മലയാളത്തില്‍ 21 ഉം അറബി ഭാഷയില്‍ പത്തും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗം, എസ്. എന്‍. ഇ. സി അക്കാദമിക് കൗണ്‍സില്‍ അംഗം,ഫാളില, ഫളീല ഗവേണിംഗ് ബോര്‍ഡ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യയുടേയും കടമേരി റഹ്മാനിയ്യയുടേയും പരീക്ഷ ബോര്‍ഡ് അംഗം, ആലത്തൂര്‍പടി ജുമാമസ്ജിദ് , ചെമ്മങ്കടവ് ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖാസി സ്ഥാനങ്ങള്‍ തുടങ്ങിയ വഹിക്കുന്നു. ഇത് രണ്ടാമത് സര്‍ഗലയ പുരസ്‌കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്.പ്രഥമ പുരസ്‌കാരം കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ഗഫൂര്‍ ഖാസിമിക്കായിരുന്നു.സംസ്ഥാന സര്‍ഗലയ വേദിയില്‍ കാൽലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് 28 ശനിയാഴ്ച
വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി.കെ.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി,മുസ്തഫ മുണ്ടുപാറ,സത്താര്‍ പന്തലൂര്‍ എന്നിവടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."