പി.എസ്.സി വിവരച്ചോർച്ച: മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: പി.എസ്.സി വിവരച്ചോർച്ച പുറത്തുവിട്ട മാധ്യമ പ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപനയ്ക്കുവച്ച സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമം ലേഖകൻ അനിരു അശോകനെതിരേയാണ് അന്വേഷണം.
വിവരങ്ങൾ ഹാക്കർമാർ എങ്ങനെ ചോർത്തിയെന്നതിൽ അന്വേഷണം നടത്താതെ ലേഖകനെതിരേ അന്വേഷണം നടത്തുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അനിരു അശോകന്റെ മൊഴിയെടുത്തു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ പി.എസ്.സിയിൽ നിന്ന് ഹാക്കർമാർ ഡാറ്റ ചോർത്തിയെന്ന വിവരം ആരാണ് നൽകിയതെന്നും ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത് പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്നതല്ലേയെന്നതടക്കം താക്കീതിൽ കലർന്ന ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ ചോദിച്ചത്.
വരുംദിവസങ്ങളിൽ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാനാണ് നീക്കം. അതേസമയം, വാർത്തയുടെ ഉറവിടം ആവശ്യപ്പെട്ട പൊലിസ് നടപടിയിൽ പ്രതിഷേധിച്ച കേരള പത്രപ്രവർത്തക യൂനിയൻ, മുഖ്യമന്ത്രിക്ക് കത്തുനൽകി. ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമസ്വാതന്ത്യ്രത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ കത്തിൽ ആവശ്യപ്പെട്ടു.
ഹാക്കർമാർ വിവരം ചോർത്തിയെങ്കിൽ അതിനു കാരണമായ സൈബർ സുരക്ഷാപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പി.എസ്.സി ചെയ്യേണ്ടതെന്ന് തിരുവനന്തപുരം പ്രസ് ക്ലബും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."