സനാതന ധര്‍മ്മം ഇന്ത്യയുടെ ദേശീയമതമെന്ന് യോഗി; ഔറംഗസീബിന്റെ പിന്‍മുറക്കാര്‍ ഇപ്പോള്‍ റിക്ഷവലിച്ച് കഴിയുന്നത് ധര്‍മ്മം സ്വീകരിക്കാത്തതു കൊണ്ടെന്ന്
ലഖ്‌നോ: തുടരെത്തുടരെ വിദ്വേഷ വര്‍ഗീയ പരാമര്‍ശങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ ചേര്‍ത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഒടുവിലത്തേത്. ഒറംഗസേബിന്റെ പിന്‍ഗാമികള്‍ ഇപ്പോള്‍ റിക്ഷ വലിച്ച് ജീവിക്കുകയാണ്. അതാണ് ദേവ നീതി. യോഗി പറയുന്നു. വെള്ളിയാഴ്ച അയോധ്യയിലെ അസര്‍ഫി ഭവന്‍പീഠത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു യോഗിയുടെ പരാമര്‍ശം.
'ചരിത്രത്തിന്റെ ദൈവിക നീതി' എന്നുപറഞ്ഞുകൊണ്ടായിരുന്നു യോഗി ഈ വാദങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിയത്. 'ഔറംഗസേബിന്റെ പിന്‍ഗാമികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്ന് ചിലര്‍ എന്നോട് പറഞ്ഞു. റിക്ഷ വലിച്ച് അവര്‍ ഉപജീവനം കണ്ടെത്തുന്നു. . ഔറംഗസേബ് ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അക്രമാസക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു. അദ്ദേഹം അന്ന് അങ്ങനെ ചെയ്യാതെ അവര്‍ ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ സന്തതികള്‍ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ ജീവിക്കേണ്ടി വരില്ലായിരുന്നു' യോഗി പറഞ്ഞു. അവര്‍ മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. അവരുടെ തെറ്റുകളാണ് ഇന്ത്യയെ അടിമത്തത്തിന്റെ ചങ്ങലകളിലേക്ക് നയിച്ചത്. ആ തെറ്റുകള്‍ മൂലം ഇന്ത്യയുടെ വിശുദ്ധമായ സ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും യോഗി ചൂണ്ടിക്കാട്ടി.
സനാതന ധര്‍മ്മം ഇന്ത്യയുടെ ദേശീയമതമാണെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. എല്ലാ ജനങ്ങള്‍ക്കും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
സനാതന ധര്‍മ്മം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. മതത്തെ മാനിക്കുന്നതിന് മാനവികതയെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും യോഗി പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ അതിക്രമങ്ങളാണ് നടക്കുന്നതെന്നും യോഗി പറഞ്ഞു. സനാതന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ആശയം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഋഷിമാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അഭയം നല്‍കിയ ഒരേയൊരു മതമാണ് സനാതന്‍ ധര്‍മ്മം. പക്ഷേ, ഹിന്ദുക്കള്‍ക്ക് തിരിച്ചുകിട്ടിയത് എന്താണ്? ബംഗ്ലാദേശിലും അതിനുമുമ്പ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചത് അതിനുള്ള ഉത്തരമാണെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.
മുന്‍പും ഔറംഗസേബിനെതിരെ അധിക്ഷേപങ്ങളുമായി യോഗി രംഗത്തെത്തിയിട്ടുണ്ട്.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ആലംഗീര്‍ ആലമിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനോട് ഉപമിച്ച് യോഗി നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഔറംഗസേബ് രാജ്യം കൊള്ളയടിച്ചുവെന്നും വിശുദ്ധമായ ക്ഷേത്രങ്ങള്‍ നശിപ്പിച്ചുവെന്നും അതുപോലെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മന്ത്രി ആലംഗീര്‍ ആലം ഝാര്‍ഖണ്ഡ് കൊള്ളയടിച്ചുവെന്നുമായിരുന്നു യോഗിയുടെ അന്നത്തെ ആരോപണം. ഔറംഗസീബിന്റെ ആത്മാവിനെ പോലും രാജ്യത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഉത്തര്‍പ്രദേശില്‍ വെച്ച് നടത്തിയ മറ്റൊരു പരാമര്‍ശവും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഔറംഗസേബിന്റെ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടെന്നും ഹിന്ദുക്കള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടെന്നും ആരോപിച്ചാണ് സംഘ്പരിവാര്‍ അധിക്ഷേപങ്ങളും വിവാദ പരാമര്‍ശങ്ങളും ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."