ജാഗ്രത, മരണപ്പാച്ചിൽ തടയാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തും
കണ്ണൂർ: നിരത്തിലെ കുരുതിക്കു തടയിടാൻ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പൂർണസമയവും നിരത്തുകളിൽ പരിശോധനയ്ക്ക് നിയോഗിക്കുന്നതിനൊപ്പം അപകട സ്പോട്ടുകളിൽ ജാഗ്രതാമുന്നറിയിപ്പും ഒരുക്കും. സംസ്ഥാനത്തെ റോഡുകളിൽ സുരക്ഷിതയാത്ര ഉറപ്പാക്കാൻ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ ഒരു ടീം ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തും. ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ എച്ച്. നാഗരാജു ഇന്നലെ ഉത്തരവിറക്കി.
നാലുമണിക്കൂറിന് ശേഷമേ മറ്റൊരു സ്ഥലത്ത് പരിശോധന പാടുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു. അവിടെയും നാലുമണിക്കൂർ പരിശോധന നടത്തണം. സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ മുഴുവൻസമയ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പുതുവത്സരത്തലേന്ന് രാത്രി എട്ടുമുതൽ പുലർച്ചെ ഒന്നുവരെ ഒരു ജില്ലയിൽ എൻഫോഴ്സ്മെൻ്റിൻ്റെ അഞ്ച് സ്ക്വാഡുകൾ പരിശോധന നടത്തണം.
പുലർച്ചെ ഒന്നുമുതൽ ആറുവരെ മറ്റൊരു സ്ക്വാഡും നിർബന്ധം. താലൂക്ക്തല പരിശോധനയ്ക്ക് ആർ.ടി ഓഫിസ്, സബ് ആർ.ടി ഓഫിസ് എന്നിവടങ്ങളിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താം. എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൽ വാഹനങ്ങളുടെയോ ഡ്രൈവർമാരുടെയോ പരിശോധനാ ഉപകരണങ്ങളുടെയോ കുറവുണ്ടെങ്കിൽ അക്കാര്യം ഉടൻ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."