രാജ്യത്ത് 72 ശതമാനം മലിനജലവും ജലസ്രോതസുകളെ വിഴുങ്ങുന്നു ; ശുദ്ധീകരിക്കപ്പെടുന്നത് 28 ശതമാനം മാത്രം
കൊച്ചി: വിവിധ ആവശ്യങ്ങൾക്കുശേഷമുണ്ടാകുന്ന മലിനജലത്തിൽ ഏറിയ പങ്കും ശുചീകരിക്കുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്നില്ല.
രാജ്യത്തെ മലിനജലത്തിൽ 72 ശതമാനവും യാതൊരു ശുദ്ധീകരണ പ്രക്രിയക്കും വിധേയമാകുന്നില്ല. സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റിൻ്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ഏഴ് പ്രധാന സംസ്ഥാനങ്ങളിലെ 16 നഗരങ്ങളിൽ നടത്തിയ 35 പഠനങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. എന്നാൽ കേരളം പഠന വിധേയമായിട്ടില്ല.
കേവലം 28 ശതമാനം മാത്രമാണ് ശുദ്ധീകരിക്കപ്പെടുന്നത്. ബാക്കിവരുന്നവ പുഴകളിലേക്കും കായലിലേക്കും നേരിട്ട് ഒഴുകുകയാണ്.
ഇതുവഴി പുഴകളിലെയും തോടുകളിലെയും മത്സ്യസമ്പത്തു നശിക്കുന്നു. വെള്ളത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നു. മറ്റനേകം പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കൃത്യമായി സംസ്കരിച്ച് ഈ ജലം പുറത്തേക്ക് ഒഴുകുകയാണെങ്കിൽ കാർഷിക ആവശ്യങ്ങൾക്കും ഭൂമിയിലെ ഭൂഗർഭ ജലത്തിന്റെ അളവ് ഉയർത്തുന്നതിനും ശുദ്ധീകരിക്കപ്പെട്ട വെള്ളം ഉപയോഗിക്കാനാകും. എന്നാൽ ഉപയോഗയോഗ്യമാക്കാൻ കഴിയാത്ത വിധത്തിലാണ് 72 ശതമാനം മലിനജലവും ഒഴുകിയെത്തുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിച്ച ശേഷമുള്ള മലിനജലമാണ് പുഴകളിലും തോടുകളിലും എത്തുന്നത്.
രാജ്യത്തെ നഗരങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ 20 ശതമാനമെങ്കിലും റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാമെന്നിരിക്കേ മിക്കയിടങ്ങളിലും ഇത് പ്രാവർത്തികമാകുന്നില്ല. ശുദ്ധീകരിക്കപ്പെടുന്ന ജലത്തിന്റെ അളവ് ഉയർത്തിയാൽ പ്രധാന നഗരങ്ങളിലെ ജല ദൗർലഭ്യം പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. വ്യവസായം, നിർമാണം, തെർമൽ പവർ പ്ലാൻ്റ് തുടങ്ങിയവയ്ക്കായി ശുദ്ധീകരിക്കപ്പെടുന്ന വെള്ളം ഉപയോഗിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ വിശദമാമാക്കുന്നുണ്ട്.
മാലിന്യം നീക്കം ചെയ്യുന്നതിലൂടെ വെള്ളത്തിലെ ഓക്സിജൻ സന്തുലിതാവസ്ഥ നിലനിർത്തുവാനും, ജല ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കാനും കഴിയും. മത്സ്യം, സസ്യങ്ങൾ, മറ്റ് ജീവികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജലജീവികളുടെ നിലനിൽപ്പിനെയും മലിനജല ശുദ്ധീകരണം സഹായിക്കും. ആഗോള തലത്തിൽ, 52 ശതമാനം മലിനജലം സംസ്കരിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ. വിവിധ രാജ്യങ്ങളിൽ മലിനജല സംസ്കരണ നിരക്ക് വ്യത്യസ്തമാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ 74 ശതമാനവും സംസ്കരിക്കുമ്പോൾ, വികസ്വര രാജ്യങ്ങൾ ശരാശരി പത്ത് ശതമാനത്തിലും താഴെ മാത്രമാണ് സംസ്കരിക്കുന്നത്.100 ശതമാനം മലിനജലം സംസ്കരിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.
സംസ്കരണം കൂടുതൽ യു.പിയിൽ
ഇന്ത്യയിൽ മലിനജല സംസ്കരണത്തിൻ്റെ തോത് കൂടുതൽ ഉത്തർപ്രദേശിലാണ്. തൊട്ടു പിന്നിൽ മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ വർധന, വ്യാവസായിക വികാസം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ കാരണം മലിനജല പരിപാലനത്തിൽ കനത്ത വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."