പ്രകൃതി ദുരന്തങ്ങൾ 2024ൽ മാത്രം 320 ബില്യൺ ഡോളറിൻ്റെ നഷ്ടം
ലണ്ടൻ: പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ വർഷമുണ്ടായത് 320 ബില്യൺ ഡോളറിൻ്റെ നഷ്ടം. ജർമ്മൻ റീ ഇൻഷുറൻസ് ഭീമൻമാരായ മ്യൂണിക്ക് റെയാണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്.
പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിടുന്നതിനിടെ "നമ്മുടെ ഗ്രഹത്തിൻ്റെ കാലാവസ്ഥാ യന്ത്രം ഉയർന്ന ഗിയറിലേക്ക് മാറുകയാണെന്ന്" മ്യൂണിക്ക് റെ മുന്നറിയിപ്പ് നൽകി.
സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനമായ സ്വിസ് റീയുടെ കണ്ടെത്തലും മ്യൂണിക്ക് റെയുടെ കണ്ടെത്തലിന് ഏറെക്കുറെ സമാനമാണ്. ഏകദേശം 310 ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് സ്വിസ് റീ കണക്കാക്കിയിട്ടുള്ളത്.
“നമ്മുടെ ഗ്രഹത്തിൻ്റെ കാലാവസ്ഥാ യന്ത്രം ഉയർന്ന ഗിയറിലേക്ക് മാറുകയാണ്,” മ്യൂണിക്ക് റെയിലെ മുഖ്യ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ടോബിയാസ് ഗ്രിം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മോശമായ അവസ്ഥയ്ക്ക് എല്ലാവരും വില കൊടുക്കുന്നു, ഗ്രിം കൂട്ടിച്ചേർത്തു.
“ആഗോള സമൂഹം എത്രയും പെട്ടെന്ന് നടപടിയെടുക്കണം. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായ രാജ്യങ്ങളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുകയും വേണം,” അദ്ദേഹം പറഞ്ഞു.
"ഭൂകമ്പങ്ങളും ചുഴലിക്കാറ്റുകളും പോലുള്ള അപൂർവമായ വലിയ ദുരന്തങ്ങളുടെ സംയോജനവും പ്രാദേശിക വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ പോലുള്ള പതിവ് സംഭവങ്ങളും കാരണം മൊത്തം കണക്കുകൾ അസാധാരണമാംവിധം ഉയർന്നിട്ടുണ്ട്," ഗ്രിം പറഞ്ഞു.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചുഴലിക്കാറ്റുകളുടെ ഒരു പരമ്പര തന്നെയുണ്ടായതിനാൽ, മൊത്തത്തിലുള്ള നഷ്ടത്തിൻ്റെ 93 ശതമാനത്തിനും പിന്നിൽ കാലാവസ്ഥാ ദുരന്തങ്ങളായിരുന്നു, മ്യൂണിക്ക് റീ ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റുകൾ കാരണം മാത്രമായി 135 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായി. അവയിൽ ഭൂരിഭാഗവും അമാരിക്കയിലാണ് സംഭവിച്ചിട്ടുള്ളത്.
സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ തുടർച്ചയായി തെക്കുകിഴക്കൻ അമേരിക്കയിൽ വീശിയടിച്ച ഹെലൻ, മിൽട്ടൺ ചുഴലിക്കാറ്റുകൾ കഴിഞ്ഞ വർഷത്തെ ഏറ്റവും നഷ്ടം വിതച്ച രണ്ട് ദുരന്തങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."