കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ
ആലപ്പുഴ: ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍.ടി.ഒ എ.കെ ദിലു. കാറിലെ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി.
പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണ്.
11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക്ക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാല്‍, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു. റോഡില്‍ വെളിച്ചത്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു.
മഴ നിന്നാലും മരത്തില്‍ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാല്‍ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."