മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.
എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയോ എന്ന് വ്യക്തമല്ല. ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."