ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
കൊച്ചി: ഓൺലൈൻ സ്ഥലംമാറ്റത്തിന് അനുവദിച്ച കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ വിധി അട്ടിമറിക്കാൻ നീക്കങ്ങളുമായി ജി.എസ്.ടി വകുപ്പ്. ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് ജി.എസ്.ടി വകുപ്പിൻ്റെ തോന്നുംപടി സ്ഥലംമാറ്റത്തിന് കടിഞ്ഞാണിട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്.
2017ലെ പൊതുസ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2025 മാർച്ച് 31നകം ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന കർശന നിർദേശമാണ് ട്രൈബ്യൂണൽ വകുപ്പ് അധികൃതർക്ക് നൽകിയത്. നിരവധി ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ഈ വിധി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് വകുപ്പിലെ ചില ഉന്നതർ. ട്രൈബ്യൂണൽ വിധിയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാൻ നീക്കങ്ങളാരംഭിച്ചതായാണ് സൂചന. കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനാണ് ശ്രമം.
2024 മാർച്ചിനുശേഷം ജീവനക്കാർക്ക് പ്രൊമോഷനും നൽകിയിട്ടില്ല.
ജീവനക്കാർക്ക് അർഹതപ്പെട്ട പ്രൊമോഷനുകൾ ഓപ്പൺ വേക്കൻസിയിൽ നൽകുന്നതിന് ഓൺലൈൻ സ്ഥലംമാറ്റം തടസമല്ലെങ്കിലും ഇതിന്റെ മറവിൽ ജീവനക്കാരുടെ പ്രൊമോഷനുകൾ വകുപ്പ് വൈകിപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ 2024 ഡിസംബറിൽ നിരവധി ജീവനക്കാർ പ്രൊമോഷൻ ലഭിക്കാതെ വിരമിക്കും. ജോയിൻ്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, സ്റ്റേറ്റ് ടാക്സ് ഓഫിസർ, അസി.ടാക്സ് ഓഫിസർ തുടങ്ങി 100ലേറെ പ്രൊമോഷൻ തസ്തികകളാണ് സംസ്ഥാനത്തുള്ളത്.
ജി.എസ്.ടി എംപ്ലോയിസ് കൗൺസിൽ കൊടുത്ത കേസിലാണ് 2025 മാർച്ച് 31നകം ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന വിധി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്. ഓൺലൈൻ സംവിധാനം വരുന്നതോടുകൂടി സ്ഥലംമാറ്റങ്ങൾ അഴിമതിരഹിതമാകുകയും സുതാര്യമാകുകയും ചെയ്യുമെന്നാണ് ജീവനക്കാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."