66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം
പാലക്കാട്: അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് മാനേജ്മെൻ്റ് കൈയേറിയ ദേവസ്വം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മലബാർ ദേവസ്വം ബോർഡ്. അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള 66.5 ഏക്കർ ഭൂമിയാണ് എൻ.എസ്.എസ് മാനേജ്മെൻ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെങ്കിലും അതിൽ 50 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് മലബാർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. 2023 ഡിസംബർ 11ലെ ഹൈക്കോടതി ഉത്തരവിൻ്റെ പിൻബലത്തിലാണ് നടപടികൾ ത്വരിതഗതിയിലാക്കിയത്.
125 ഏക്കർ ഭൂമിയിലാണ് മലമ്പുഴ അകത്തേത്തറയിലുള്ള എൻ.എസ്.എസ് എൻജിനീയറിങ് കോളജ് സ്ഥിതിചെയ്യുന്നത്. ഇതിൽ 66.5 ഏക്കർ ഭൂമി അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രത്തിൻ്റേതാണെന്ന അവകാശവാദവുമായി ദേവസ്വം കോടതിയെ സമീപിക്കുകയായിരുന്നു. 1960 മുതൽ പാട്ടക്കരാറുള്ള 50 ഏക്കർ ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് ഈ സ്ഥലം തിരിച്ചെടുക്കാനുള്ള നടപടികളുമായി ദേവസ്വം മുന്നോട്ടു പോകുന്നത്.
ശേഷിക്കുന്ന 16.5 ഏക്കർ ഭൂമി ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിന് മുമ്പുള്ള ട്രസ്റ്റ് എൻ.എസ്.എസ് മാനേജ്മെൻ്റിന് വിൽപന നടത്തിയതായാണ് രേഖകൾ. എന്നാൽ ദേവസ്വം ഭൂമി വിൽപന നടത്താൻ ഒരു കമ്മിറ്റികൾക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ ദേവസ്വം ബോർഡ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
എൻജിനീയറിങ് കോളജ് നടത്തിപ്പിനായി 36 വർഷത്തേക്ക് 50 ഏക്കറിന് പ്രതിവർഷം 300 രൂപ നൽകാമെന്നായിരുന്നു 1960ൽ എൻ.എസ്.എസ് മാനേജ്മെൻ്റും അന്നത്തെ ക്ഷേത്ര ട്രസ്റ്റും തമ്മിലുള്ള കരാർ. എന്നാൽ 1992 മുതൽ ഈ കരാർ എൻ.എസ്.എസ് മാനേജ്മെൻ്റ് ലംഘിച്ചു. മാത്രമല്ല ഈ ഭൂമി സ്വന്തമെന്ന രീതിയിൽ കെട്ടിടങ്ങൾ അടക്കം നിർമിക്കാനും തുടങ്ങി. ഇതോടെയാണ് അകത്തേത്തറ ചാത്തന്‍കുളങ്ങരക്ഷേത്രം ട്രസ്റ്റ് കോടതിയെ സമീപിച്ചത്.
ദേവസ്വം സ്ഥലത്ത് കോളജ് ഹോസ്റ്റൽ, ജീവനക്കാർക്കുള്ള ക്വാട്ടേഴ്സുകൾ, ലൈബ്രറി എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 25 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളാണ് പലതും. ഇവയുടെ മൂല്യം കണക്കാക്കി എൻജിനീയറിങ് കോളജ് മാനേജ്മെൻ്റിന് നഷ്ടപരിഹാരം നൽകി ഈ ഭൂമി ക്ഷേത്രം ട്രസ്റ്റിന് തിരിച്ചെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയുടെ നിർദേശത്തിൽ പാലക്കാട് മുൻസിഫ് കോടതി നിയമിച്ച കമ്മിഷനാണ് ഇപ്പോൾ ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
50 ഏക്കർ ഭൂമിയുടെ അതിരുകൾ കണ്ടെത്തുന്നതിനായി സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം ഡിജിറ്റൽ സർവേയും നടത്തും. തുടർന്ന് റവന്യൂ - തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ ഇതിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെ ആസ്തി മൂല്യനിർണയം നടത്തി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫിസർ മണികണ്ഠൻ 'സുപ്രഭാത'ത്തോട് പറഞ്ഞു.
അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റിൻ്റെ കൈവശമുള്ള 21 ഏക്കർ സ്ഥലം പ്രതിവർഷം 21,35,000 രൂപ പാട്ടത്തുക നിശ്ചയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് ലീസ് നൽകിയതോടെയാണ് എൻ.എസ്.എസ് കൈയേറിയ ഭൂമിയും തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗതവന്നത്. 33 വർഷത്തേക്കാണ് ക്രിക്കറ്റ് അസോസിയേഷന് ദേവസ്വം ഭൂമി പാട്ടത്തിന് നൽകുന്നത്.
ക്ഷേത്രത്തിൻ്റെ രണ്ടര ഏക്കർ ഭൂമി ഗ്രീൻഫീൽഡ് ഹൈവേക്കായി സർക്കാരും ഏറ്റെടുക്കുന്നുണ്ട്. ഈയിനത്തിൽ അഞ്ച്കോടി രൂപ വരെ ക്ഷേത്രം ട്രസ്റ്റിന് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സ്പോർട്സ് ഹബ്ബ് യാഥാർഥ്യമാകുന്നതോടെ ക്ഷേത്രം ട്രസ്റ്റിന് ലഭിക്കുന്ന പണമുപയോഗിച്ച് അനുബന്ധ വികസനപദ്ധതികളും ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."