അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി
ന്യൂഡല്‍ഹി: ശിരോണി അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാദലിന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെ കീഴ്‌പ്പെടുത്തി.
സിഖ് പരമോന്നത മതസഭയായ 'അകാല്‍ തഖ്ത്'നല്‍കിയ ശിക്ഷാനടപടിയുടെ ഭാഗമായാണ് പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സുഖ്ബീര്‍ സിങ് ബാദല്‍ സുവര്‍ണക്ഷേത്രത്തിലെത്തിയത്.സുവര്‍ണക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കൗതുകമുണര്‍ത്തുന്ന ശിക്ഷാ നടപടി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിനെതിരെയും നടപടിയുണ്ട്. പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമായിരിക്കെ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദള്‍(സാദ്) നേതാക്കള്‍ക്കെതിരെ സിഖ് സഭയുടെ ശിക്ഷാനടപടി.
'അകാല്‍ തഖ്തി'നു കീഴില്‍ നിയമകാര്യ ചുമതല വഹിക്കുന്ന 'ജതേദാര്‍' ആയ ഗിയാനി രഘ്ബീര്‍ സിങ് ആണ് വിചാരണാനടപടികള്‍ക്കൊടുവില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍ സര്‍ക്കാര്‍ 2007-2017 കാലയളവില്‍ നടത്തിയ രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ചകളാണു വിചാരണയ്ക്കു വിധേയമായത്. വിവാദ ആള്‍ദൈവവും 'ദേര സച്ചാ സൗദ' തലവനുമായ ഗുര്‍മീത് റാം റഹീമിനെ 2007ലെ മതനിന്ദാ കേസില്‍ കുറ്റവിമുക്തനാക്കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് 'സിഖ് കോടതി' സുഖ്ബീറിനെതിരെ ചുമത്തിയിരുന്നത്. 2015ല്‍ സിഖ് വേദഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ച കേസും വിചാരണയുടെ ഭാഗമായിരുന്നു.
സുവര്‍ണക്ഷേത്രത്തില്‍ സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സുഖ്ബീറിനും മുന്‍ രാജ്യസഭാ അംഗമായ സുഖ്‌ദേവ് സിങ് ധിന്‍ഡ്‌സ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നല്‍കിയ ശിക്ഷ. സന്നദ്ധ സേവകരുടെ 'സേവാദര്‍' യൂനിഫോം ധരിച്ച് രണ്ടു ദിവസം സുവര്‍ണക്ഷേത്രത്തിനു പുറത്ത് ഇരിക്കണം. ഒരു മണിക്കൂര്‍ സുവര്‍ണക്ഷേത്രത്തിലെ കമ്യൂണിറ്റി കിച്ചണില്‍ തീര്‍ഥാടകര്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകുകയും ഇവരുടെ ഷൂ വൃത്തിയാക്കുകയും ചെയ്യണം. ഇതിനു പുറമെ ക്ഷേത്രത്തിലെ പൊതുടോയ്‌ലെറ്റ് ശുചീകരിക്കണം. രണ്ടു ദിവസം വീതം രണ്ട് സിഖ് 'തഖ്തു'കളിലും ദര്‍ബാര്‍ സാഹിബ്, ഫത്തേപൂര്‍ സാഹിബ് എന്നീ തീര്‍ഥാടനകേന്ദ്രങ്ങളിലും സേവനം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
സുഖ്ബീറിനെ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഒരു സമിതിയെ നിയമിച്ച് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്താനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നല്‍കിയിരുന്ന 'ഫഖ്‌റേ ഖൗം'(സമുദായത്തിന്റെ അഭിമാനം) എന്ന ബഹുമതി പിന്‍വലിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."