ഇസ്ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ സംഘർഷം. ഇസ്ലാമാബാദിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. 4 അർധ സൈനികരും 2 പൊലീസുകാരുമാണ് മരണപ്പെട്ടത്.
താനടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് അനുയായികൾ പ്രതിഷേധവുമായി തെരുവിലെത്തിയത്. ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിനു നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഇമ്രാൻ ആഹ്വാനം ചെയ്തിരുന്നു .
പ്രതിഷേധക്കാർ സുരക്ഷാ സൈനികർക്കു നേരെ കല്ലെറിയുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായി മാറിയത്.
സർക്കാർ ഇസ്ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടായാൽ വെടി വയ്ക്കാനുള്ള ഉത്തരവും നൽകിയിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."