നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന് പൊളിക്കില്ല, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സമാധിയില്‍ ദുരൂഹത തുടരുന്നു. കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കല്ലറ പൊളിക്കുന്നത് തല്‍ക്കാലം മാറ്റിവച്ചു. ഇന്ന് കല്ലറ പൊളിക്കില്ല, നാളെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നിശ്ചയിക്കുമെന്ന് സബ്കലക്ടര്‍ വ്യക്തമാക്കി. പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിയമപ്രകാരം മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. സമാധിസ്ഥലം എന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധന നടത്താനും കലക്ടര്‍ പൊലീസിന് അനുമതി നല്‍കിയിരുന്നു.
കല്ലറ തുറക്കാനായി പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.
പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു. ഫോറന്‍സിക് സംഘം അടക്കം എത്തിയശേഷം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കല്ലറ പൊളിച്ച് പരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ അറിയിച്ചു.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.
വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."