കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
ഇടുക്കി: മൂന്നാർ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു. സംഭവത്തിൽ കണ്ടക്ടറെ മർദിച്ച ഡ്രൈവർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് വകുപ്പുതല നടപടിക്കും സാധ്യതയേറിയത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ് (45) പൊലിസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോയിലെ എം പാനൽ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ സ്‌ഥിരം ജീവനക്കാരനായ ഡ്രൈവറായ മനോജിനെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്. സംഭവത്തെ കുറിച്ച് തൊടുപുഴ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ അടുത്ത ദിവസം അന്വേഷണം തുടങ്ങും. കണ്ടക്‌ടർ സി കെ ആന്റണിക്കാണു മർദനമേറ്റത്. വണ്ടി തകരാറിലായത് ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന കണ്ടക്ടറുടെ പരാമർശമാണ് മർദനത്തിനു കാരണമെന്ന് കരുതുന്നതായി പൊലിസ് പറയുന്നു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവമുണ്ടായത്. എറണാകുളത്തുനിന്നു മൂന്നാറിലേക്കു മടങ്ങുകയായിരുന്ന ബസ് കോതമംഗലത്തിനു സമീപം കേടായി. എറണാകുളത്തു നിന്നും നിറയെ യാത്രക്കാരുമായി മൂന്നാറിലേക്ക് വരികയായിരുന്ന ബസ് രാത്രി 7.45 ന് കോതമംഗലം ടൗണിൽ നിർത്തിയ ശേഷം ഡ്രൈവർ പുറത്തേക്ക് പോയി. ഈ സമയം വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് അടക്കം തെളിഞ്ഞു കിടന്നു. ഏറെ നേരം കഴിഞ്ഞ് ഡ്രൈവറെത്തി വാഹനം സ്‌റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലൈറ്റ് ഓഫാക്കാതെ പോയതാണ് പ്രശ്‌നത്തിനു കാരണമെന്ന് പറഞ്ഞ് ആന്‍റണി, മനോജുമായി വാക്കേറ്റമുണ്ടായി. ഏറെ സമയത്തിനു ശേഷം തകരാർ പരിഹരിച്ച് ബസ് മൂന്നാറിലേക്ക് യാത്ര തിരിച്ചു. യാത്രക്കാരെ മൂന്നാർ ടൗണിൽ ഇറക്കിയ ശേഷം ഡിപ്പോയിലേക്ക് പോകുന്ന വഴി പഴയ മൂന്നാറിൽ ബസ് ഒതുക്കിയ ശേഷം ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാകുകയും മനോജ് കണ്ടക്ടറെ മർദിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."