ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന
ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്താൻ പുതിയ നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിസ സൗകര്യങ്ങള്‍ ഇരു രാജ്യങ്ങളും മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒക്ടോബറില്‍ ധാരണയിലെത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ചാണ് ജയശങ്കറും വാങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ബ്രസീലിലെത്തിയത്.അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിന്‍റെ പുരോഗതിയും മറ്റ് ആഗോള പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
നിലവില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസില്ല. യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നതിന് മൂന്നാമതൊരു രാജ്യത്തെ ആശ്രയിക്കണം. ഇതുമൂലം കൂടുതല്‍ യാത്രാനിരക്ക് നല്‍കേണ്ടിവരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസുകാര്‍ക്കും മറ്റ് സ്ഥിരം യാത്രക്കാര്‍ക്കും ഇത് വളരെയേറേ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ പുതിയ നിര്‍ദേശം. 2020ല്‍, കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ്, ഇന്ത്യ ചൈനീസ് പൗരന്മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 'കൂടുതല്‍ പരസ്പര വിശ്വാസത്തിന്‍റെയും സംശയം കുറയുന്നതിന്‍റെയും' പ്രധാന്യത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രി സംസാരിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."