ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി
മടിക്കേരി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കുടക് ജില്ലയുടെ ആസ്ഥാന നഗരിയായ മടിക്കേരി പട്ടണം ഒന്നാം സ്ഥാനത്ത് എത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് മടിക്കേരി നഗരം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
പാൽക്കലൈ പേരൂർ, കരൂർ, തിരുനെൽവേലി, തിരുപ്പതി, ഊട്ടി, വെല്ലൂര്, റാണിപേട്ട്, ഗദഗ് തൂത്തുകുടി പുതുച്ചേരി തുടങ്ങിയവയാണ് യഥാക്രമം ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള നഗരങ്ങൾ. ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടുതലായി ഇടം പിടിച്ചിട്ട പട്ടികയിൽ പകുതിയിലേറെ തമിഴ്നാട്ടിൽ നിന്നുള്ള നഗരങ്ങളാണ്. മലിനീകരണ ബോർഡിന്റെ എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ചാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാര പരിശോധന നടത്തുന്നത്. 2022 ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരമുള്ള പട്ടികയിൽ മിസോറാമിലെ ഐസ്വാൾ നഗരമായിരുന്നു ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്നത്. ആ പട്ടികയിൽ മടിക്കേരി നഗരം അഞ്ചാം സ്ഥാനത്തായിരുന്നു. അന്നത്തെ പട്ടികപ്രകാരം മടിക്കേരിയിലെ വായു മലിനീകരണ തോത് 20. 7 ആയിരുന്നു. പുതിയ പട്ടികയിൽ 18.1 ആയി കുറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ളതിന് കുപ്രസിദ്ധയാർജ്ജിച്ച, രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 424 ശതമാനം മലിനീകരണമാണ് എ സി ഐ രേഖപ്പെടുത്തിയിരിക്കുന്നത്. മടിക്കേരി നഗര പ്രാന്ത പ്രദേശത്തെ സ്റ്റോൺ ഹില്ലിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ വായു മലിനീകരണ നിരീക്ഷണം കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."