‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മണിപ്പൂർ സംഘർഷത്തിൽ ഇടപെടൽ ആവിശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. മണിപ്പൂർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഉടനടി നടപടി ആവിശ്യപ്പെട്ടാണ് കത്ത്. മണിപ്പൂരിലെ സമ്പദ് വ്യവസ്‌ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും കലാപം ബാധിച്ചുവെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
“കേന്ദ്ര സർക്കാരും മണിപ്പൂർ സംസ്‌ഥാന സർക്കാരും ഉള്ളതുപോലെ മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്‌ഥാനത്തെ ജനങ്ങൾക്ക് രണ്ടു സർക്കാരുകളിലും വിശ്വാസം നഷ്‌ടമായിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും മണിപ്പൂരിലെ ജനങ്ങൾ സ്വന്തം മണ്ണിൽ അരക്ഷിതാവസ്‌ഥയിലകപ്പെടുകയാണ്. 540 ദിവസത്തിലേറെയായി നിസഹായരായി നിൽക്കുകയാണ് അവർ. അവർക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു." - ഖർഗെ കത്തിൽ പറയുന്നു.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞ 18 മാസത്തിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് മൂന്നു തവണ മണിപ്പൂർ സന്ദർശനം നടത്തിയിട്ടുണ്ട്. ഈ കാലയളവിൽ താനും സംസ്ഥാനം സന്ദർശിച്ചു. മണിപ്പൂർ സന്ദർശിക്കുന്നതിൽ നിന്നും പ്രധാനമന്ത്രി മാറിനിൽക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും ഖർഗെ കത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."