വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍
ആലപ്പുഴ: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന പൊലിസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത് നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടു വരുന്ന വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കൈവിലങ്ങോടെയാണ് ഇയാള്‍ ചാടിപ്പോയത്.
ഇന്നലെ വൈകീട്ട് 6.15 നായിരുന്നു സംഭവം. കുണ്ടന്നൂരില്‍ ലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. പൊലിസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി. ഇതോടെ ഇയാള്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം കായലോരത്ത് ഉയരത്തില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന ചതുപ്പു പ്രദേശത്തേക്ക് ഓടി മറയുകയായിരുന്നു. ഇതോടെ എഴുപത്തേേഞ്ചാളം പേരടങ്ങുന്ന പൊലിസ് സംഘം ഉടന്‍ സ്ഥലത്തെത്തി വ്യാപക തെരച്ചില്‍ ആരംഭിച്ചു. കായലോരത്തെ കലുങ്കിനു താഴെ വെള്ളത്തിലിറങ്ങി ഒളിച്ചിരുന്ന പ്രതിയെ രാത്രി പൊലീസ് പിടികൂടി.
അതേസമയം, ആലപ്പുഴയിലെ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവ സംഘമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണെന്ന് പൊലിസ് പറയുന്നു. ജനം ജാഗ്രത പാലിക്കണമെന്നും ആലപ്പുഴ ഡിവൈ.എസ്.പി പറഞ്ഞു.
നിരവധി ഭക്തര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നുണ്ട്. പൊലിസിന് എല്ലാവരെയും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ കഴിയില്ല. അതു കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. കുറുവ സംഘം തീര്‍ഥാടനകാലം തെരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. കുറുവ സംഘം പകല്‍ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കിവയ്ക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങള്‍ കുറവുള്ള വീടുകളും പിറകുവശത്തെ വാതിലുകള്‍ ദുര്‍ബലമായ വീടുകളും മോഷണത്തിനായി തെരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകള്‍ ലക്ഷ്യംവയ്ക്കില്ല. വളരെ നിര്‍ഭയരായാണ് സംഘം വരുന്നതെന്നും പൊലസ് വ്യക്തമാക്കുന്നു.
രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സി.സി.ടി.വി കാമറകള്‍ മോഷണ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തനം. ഇതെല്ലാം നോക്കുമ്പോള്‍ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കുറുവകള്‍ കൂട്ടമായി വന്ന് സംഘങ്ങളായി തിരിയും. പ്രശ്നമുണ്ടായാല്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ റെയില്‍വേ സ്റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പൊലിസ് അറിയിച്ചു.
ജില്ലയില്‍ മണ്ണഞ്ചേരി, പുന്നപ്ര എന്നിവിടങ്ങളിലും മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായാണ് സംശയം. തൂയിത്തറ പാലത്തിന് സമീപം കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. വെളുപ്പിനു രണ്ടോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഘം മോഷ്ടിക്കാനെത്തിയത് അറിയുന്നത്. വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഈ പ്രദേശത്തെ അഞ്ചോളം വീടുകളില്‍ മോഷ്ടാക്കാള്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം.
വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷണം നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. പലപ്പോഴും വീടിനു പുറത്ത് കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കിവിടുകയോ ചെയ്യാറുണ്ട്. ആ ശബ്ദംകേട്ട് വാതില്‍ തുറക്കുന്നയാളെ ആക്രമിച്ച് വീടിനുള്ളില്‍ കയറി മോഷണം നടത്തുന്ന രീതിയും ഇവര്‍ക്കിടയിലുണ്ട്. വീട്ടില്‍ കൂടുതലാളുകള്‍ ഉണ്ടെങ്കിലാണ് ഈ തന്ത്രം പ്രയോഗിക്കുക.
വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തിവച്ച് ഭയപ്പെടുത്തിയും സ്വര്‍ണവും പണവും കൈക്കലാക്കും. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ മുറിച്ചെടുക്കുന്ന പതിവുമുണ്ട്. മോഷണത്തിന് എത്തുന്നവരില്‍ ഒരാളുടെ കൈയിലാണ് മോഷണ മുതല്‍ ഉണ്ടാകുക. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ അയാളെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക. മോഷണ ശേഷം തിരികെ തിരുട്ട് ഗ്രാമത്തിലേക്ക് മടങ്ങും. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍, കമ്പം, ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."