ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'
കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുത്, തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്, ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കേണ്ടതാണ് എന്നാണ് മറ്റൊരു നിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.
ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുതെന്നും ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണമെന്നും കോടതി മാർഗ നിർദേശത്തിൽ പറഞ്ഞു. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമര്‍ശിച്ചു.ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം നൽകണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി മാർഗ നിർദേശത്തിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താൻ പാടൂള്ളു. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."