സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ഒപ്പം ഓവറോൾ ചാംപ്യൻഷിപ്പിൽ മുന്നാം സ്ഥാനവും. വാശിയേറിയ പോരാട്ടത്തിൽ പാലക്കാടിനെ പിന്തള്ളിയാണ് മലപ്പുറം 247 പോയിന്റുമായി അത്‌ലറ്റിക്‌സിൽ ചാംപ്യന്മാരായത്. സ്വർണവേട്ടയിൽ പാലക്കാട് മുന്നിലെത്തിയെങ്കിലും വെള്ളിയിലും വെങ്കലത്തിലുമുള്ള മേൽക്കൈ മെഡൽവേട്ടയിൽ മലപ്പുറത്തെ മുന്നിലെത്തിച്ചു.
22 സ്വർണവും 32 വെള്ളിയും 24 വെങ്കലവുമാണ് മലപ്പുറത്തെ കായികതാരങ്ങൾ ട്രാക്കിലും ഫീൽഡിലുമായി കൊയ്തത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവുമായി 213 പോയിന്റാണ് രണ്ടാം സ്ഥാനം നേടിയ പാലക്കാടിനുള്ളത്. എട്ട് സ്വർണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമായി 73 പോയിന്റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനത്തെത്തി. ഒരു പോയിന്റിന്റെ വ്യത്യാസത്തിനാണ് കോഴിക്കോടിന് മൂന്നാം സ്ഥാനം നഷ്ടമായത്.
ഗെയിംസ് ഇനങ്ങളിലും അക്വാട്ടിക്‌സ് ഇനങ്ങളിലും ആധിപത്യം പുലർത്തി ഓവറോൾ ചാംപ്യന്മാരായി മാറിയ തിരുവനന്തപുരത്തിന് അത്‌ലറ്റിക്‌സ് ഇനങ്ങളിൽ അഞ്ചാം സ്ഥാനത്ത് എത്താൻ മാത്രമേ കഴിഞ്ഞുള്ളു. 96 ഇനങ്ങളിലായിരുന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും ഫീൽഡിലുമായി അഞ്ച് ദിവസം നീണ്ടുനിന്ന തീപാറും പോരാട്ടം.
അത്‌ലറ്റിക്‌സിലെ മികച്ച സ്‌കൂളുകൾക്കുള്ള പുരസ്‌കാരം മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്വന്തമാക്കി. കടകശ്ശേരി ഐഡിയൽ സ്‌കൂൾ 80 പോയിന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം ജി.വി രാജ സ്‌കൂൾ രണ്ടാം സ്ഥാനവും മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
വിവിധ വിഭാഗങ്ങളിലും തിരുവനന്തപുരത്തിനായിരുന്നു മേൽക്കൈ. സീനിയർ വിഭാഗത്തിൽ 835 പോയിന്റോടെ തിരുവനന്തപുരം മികച്ച ജില്ലയായി. 465 പോയിന്റോടെ മലപ്പുറം രണ്ടാമതും 410 പോയിന്റോടെ തൃശൂർ മൂന്നാമതുമെത്തി. ജൂനിയർ കാറ്റഗറിയിലും തിരുവനന്തപുരം ചാംപ്യന്മാരായി. 671 പോയിന്റാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. 252 പോയിന്റോടെ തൃശ്ശൂർ രണ്ടാമതും 251 പോയിന്റോടെ പാലക്കാട് മൂന്നാമതുമായി.
സബ് ജൂനിയർ വിഭാഗത്തിൽ 429 പോയിന്റോടെയാണ് തിരുവനന്തപുരം ചാംപ്യന്മാരായത്.തൃശ്ശൂരും പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗെയിംസ് ഇനങ്ങളിൽ 1213 പോയിന്റും അക്വാട്ടിക്‌സിൽ 654 പോയിന്റും കരസ്ഥമാക്കിയാണ് തലസ്ഥാനജില്ല അടുത്ത കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കൊച്ചിയിൽ നിന്ന് വിടവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."