വയനാടിന്റെ അഭിമാനം അമന്യ
കൊച്ചി: ഉരുളെടുത്ത നാടിന്റെ ഉയിർപ്പിൽ സ്വർണത്തിളക്കവുമായി എട്ടാംക്ലാസുകാരി അമന്യ മണി. പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗം ഹൈജംപിലാണ് കൽപറ്റ ഗവ. മോഡൽ റസിഡൻഷ്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി അമന്യ അത് ലറ്റിക്‌സിൽ വ്യക്തിഗത ഇനത്തിൽ ആദ്യസ്വർണം നേടി വയനാട്ടുകാരുടെ അഭിമാനമായത്. 1.46 മീ.ചാടിയാണ് അമന്യ സ്വർണം നേടിയത്.
പട്ടികവർഗ വിദ്യാർഥികളിൽ സ്വർണം നേടിയ ഏക വിദ്യാർഥിയും അമന്യ ആണ്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഡിസ്‌കസ് ത്രോയ്ക്കും അമന്യ സംസ്ഥാനമത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ ഹൈജംപിൽ സ്വർണം നേടണമെന്ന നിശ്ചയ ദാർഢ്യത്തിൽ ഡിസ്‌കസ് ത്രോ മത്സരം ഉപേക്ഷിച്ച് ഹൈജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഏറെ പരിമിതികളിൽ നിന്നുമാണ് പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അമന്യ ഉൾപ്പെടെയുള്ള 11 അംഗ സംഘം അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാനെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നല്ല ജേഴ്‌സി പോലും അണിയാതെയാണ് ഇവർ ട്രാക്കിലിറങ്ങിയത്. ഹൈജംപ് പരിശീലനത്തിനായുള്ള ബെഡ് വളരെ ചെറുതായതിനാൽ അമ്പയ്ത്ത് പരിശീലനത്തിനുള്ള ബോർഡ് ചേർത്ത് വച്ചാണ് പ്രാക്ടീസ് നടത്തിയിരുന്നതെന്നും അമന്യ പറഞ്ഞു.
ഹോസ്റ്റലിൽ ആയതിനാൽ ദിവസവും രാവിലെയും വൈകിട്ടും നാലു മണിക്കൂർ പരിശീലനം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന കായിക മേളയിൽ ഇതേ ഇനത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. തലപ്പുഴ സ്വദേശികളായ മണിയുടെയും സുമയുടെയും മകളാണ്.
അതേസമയം പരിശീലനത്തിനായുള്ള കായിക ഉപകരണങ്ങൾ ഇല്ലാഞ്ഞിട്ടും തങ്ങളുടെ സ്‌കൂളിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് അമന്യയുടെ കോച്ച് കൂടിയായ സ്‌കൂളിലെ കായിക അധ്യാപകൻ സത്യൻ വി.എം പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന കബഡി മത്സരത്തിൽ മൂന്നാമതെത്തിയ സ്‌കൂൾ ടീം നാഷനൽ ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ദേശീയ തലത്തിൽ അമ്പയ്ത്ത് മത്സരത്തിന് സ്‌കൂളിലെ അനശ്വര രാജനും ശിവഗംഗയും യോഗ്യത നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."