സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
കാസർകോട്: നാടിനെ കണ്ണീരിലാഴ്ത്തിയ സഫിയ കൊലക്കേസിൽ തെളിവായി സൂക്ഷിച്ചിരുന്ന തലയോട്ടിയടക്കമുള്ള ശേഷിപ്പുകൾ മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകൾക്കായി രക്ഷിതാക്കൾക്കു വിട്ടുനൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സാനു എസ്.പണിക്കരുടെ ഉത്തരവ് പ്രകാരമാണ് ശേഷിപ്പുകൾ കൈമാറിയത്.
കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകൾ മാതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കണമെന്നാണ് മാതാപിതാക്കൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടിയാണ് ശേഷിപ്പുകൾ മാതാവ് ആയിഷുമ്മയും പിതാവ് മൊയ്തുവും ചേർന്ന് ഇന്നലെ ഏറ്റുവാങ്ങിയത്.
ഇന്നും നോവായി സഫിയ
കാസർകോട്: കുടക് അയൂങ്കേരി സ്വദേശിനിയായ സഫിയ എന്ന ബാലിക 2008ലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗോവയിലെ കരാറുകാരനായ മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കായാണ് സഫിയയെ മാതാപിതാക്കൾ ഏൽപ്പിച്ചത്.
എന്നാൽ പിന്നീട് ഗോവയിലേക്കുകൊണ്ടുപോയി. അവിടെ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സഫിയയ്ക്കു പൊള്ളലേറ്റു.
സംഭവം പുറത്തറിയിക്കാതിരിക്കാനായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി അണക്കെട്ട് നിർമാണ സ്ഥലത്ത് കുഴിച്ചുമൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
സഫിയ തിരോധാനം കാസർകോടിനെ ഏറെ നടുക്കിയതാണ്. ആക്ഷൻ കൗൺസിൽ മാസങ്ങളോളം തുടർന്ന പ്രക്ഷോഭത്തിനൊടുവിലാണ് തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്. കേസിൽ ഒന്നാം പ്രതിയായ ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുറ്റപത്രത്തിനൊപ്പം സഫിയയുടെ ശേഷിപ്പും കോടതിക്ക് കൈമാറിയിരുന്നു. മകളുടെ സംസ്‌കാരം മതാചാരപ്രകാരം നടത്തുന്നതിനാണ് ഇന്നലെ ഉച്ചയോടെ ശേഷിപ്പുകൾ മാതാപിതാക്കൾ ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."