ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു
സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് സെക്രട്ടേറിയറ്റിൽ ഐ.എ.എസുകാരുടെ പോര്. അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരേ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനെതിരേ മുതിർന്നവർ ഉൾപ്പെടെ ഒരു വിഭാഗം ഐ.എ.എസുകാർ രംഗത്തുവന്നതോടെ ചേരിപ്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
മതാടിസ്ഥാനത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും തുടർന്ന് ഫോൺ ഹാക്ക് ചെയ്തുവെന്ന് വ്യാജ പരാതി നൽകുകയും ചെയ്ത വ്യവസായ വകുപ്പ് ഡയരക്ടർ ഗോപാലകൃഷ്ണനെതിരേയും പ്രശാന്തിനെതിരേയും കർശന നടപടി വേണമെന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ, പ്രശാന്തിനെതിരേ നൽകിയ റിപ്പോർട്ടിനെതിരേയാണ് ഐ.എ.എസുകാർ കൂട്ടത്തോടെ ചീഫ് സെക്രട്ടറിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
സർക്കാർ ഉത്തരവില്ലാതെ സ്വന്തംനിലയ്ക്കാണു പ്രശാന്തിനെതിരേ ജയതിലക് റിപ്പോർട്ട് നൽകിയതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കുംമുമ്പ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇപ്പോൾ നടന്നതെന്ന് പ്രശാന്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച് രൂക്ഷമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ജയതിലകിനൊപ്പമുള്ളവരുടെ വാദം. പ്രശാന്തിനോട് രേഖാമൂലം വിശദീകരണംപോലും തേടാതെ കർശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. പ്രശാന്ത് സർക്കാരിനെയോ സർക്കാരിന്റെ നയങ്ങളെയോ വിമർശിച്ചിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് പ്രതികരിച്ചത് തെറ്റാണ്. എന്നാൽ, വിഷയത്തിൽ പ്രശാന്തിന്റെ വിശദീകരണം തേടേണ്ടതായിരുന്നുവെന്നാണ് വാദം.
പ്രശ്‌നം വഷളാകുന്നതിനുമുമ്പ് രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ച് ചീഫ് സെക്രട്ടറി എന്തുകൊണ്ട് പ്രശ്‌നം പരിഹരിച്ചില്ലെന്ന വാദവും ഉയരുന്നു. ഗോപാലകൃഷ്ണന്റെ മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം മറയ്ക്കാനാണ് ജയതിലകും ഗോപാലകൃഷ്ണനും ചേർന്ന് പ്രശാന്തിനെതിരേ റിപ്പോർട്ട് പുറത്തുവിട്ടതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിമാർ വിവിധ മണ്ഡലങ്ങളിലായിരിക്കുമ്പോൾ ഐ.എ.എസുകാർ പോരടിക്കുന്നത് ഭരണത്തെ ബാധിച്ചിട്ടുണ്ട്. പ്രശാന്തിനെതിരേ കടുത്ത നടപടിയുണ്ടായാൽ പ്രശ്‌നം വഷളാകുമെന്നാണ് മന്ത്രിമാരെ ചില വകുപ്പ് മേധാവിമാർ അറിയിച്ചിരിക്കുന്നത്.
നിർത്താതെ പ്രശാന്ത്; 'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ'
തിരുവനന്തപുരം: പിന്നോട്ടില്ലെന്ന് പരോക്ഷമായി സൂചന നൽകി സമൂഹമാധ്യമത്തിൽ പോസ്റ്റുമായി കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. 'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ' എന്ന ലൂസിഫർ സിനിമയിലെ വാചകങ്ങളടങ്ങിയ പോസ്റ്റിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. കാംകോ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് പ്രശാന്തിന്റെ പോസ്റ്റ്.
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉൽപാദനവും വിളയും നശിപ്പിക്കുന്ന കളകളെ പൂർണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്നു കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റിൽ പറയുന്നു.
ജയതിലകിനെതിരേ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥ ജയതിലകിനെതിരേ രംഗത്ത്. പ്രശാന്തിന്റെ സമൂഹമാധ്യമ കുറിപ്പിൽ കമന്റ് ചെയ്താണ് പൊതുഭരണ വകുപ്പിലെ സ്‌പെഷൽ സെക്രട്ടറിയായ ഷൈനി ജോർജ് ജയതിലകിനെതിരേ രംഗത്തുവന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിൽ തന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫിസറും ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക ആളുകൾക്കും ഈ ഓഫിസറുടെ ലീലാവിലാസങ്ങൾ അറിയാമെന്നും അവസാനം മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം ഒതുക്കിത്തീർത്തതെന്നും വനിതാ ഉദ്യോഗസ്ഥയുടെ കുറിപ്പിൽ പറയുന്നു. ഭയന്ന് പുറത്തു പറയാൻ മടിക്കുന്നവരാണ് പലരുമെന്ന് പ്രശാന്ത് മറുപടിയും പറഞ്ഞിട്ടുണ്ട്.
ഉദ്യോഗസ്ഥരെ കയറൂരിവിടില്ല: മന്ത്രി രാജന്‍
തൃശൂര്‍: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍. ഉദ്യോഗസ്ഥരെ കയറൂരിവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതുവിധത്തിലും പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ആര്‍ക്കും നീങ്ങാന്‍ പറ്റില്ല. നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നോട്ടു പോകേണ്ടിവരും. അതിനെതിരേ പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലര്‍ത്തിയില്ലെങ്കില്‍ സര്‍വിസിന് നിരക്കാത്ത കാര്യമായി കാണുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."