അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം
റിയാദ്: ഒടുവിൽ അബ്ദുറഹീമിനെ മാതാവ് നേരിൽ കണ്ടു, പതിനെട്ടു വർഷത്തിന് ശേഷം. റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ മാതാവ് ഫാത്തിമ തിങ്കളാഴ്ചയാണ് ജയിലിൽ സന്ദർശിച്ചത്. കൂടിക്കാഴ്ച ജയിലിൽ വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിൽ എത്തിയ മാതാവ് റിയാദ് അൽഖർജ് റോഡിലെ അൽ ഇസ് ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. രാവിലെ പത്തിന് റിയാദിലെ ഇന്ത്യൻ എംബസിയിൽ മാതാവ് എത്തിയിരുന്നു.
വധശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം കാത്ത് കഴിയുന്ന അബ്ദുൽ റഹീമിനെ കാണാൻ മാതാവ് ഫാത്തിമയും സഹോദരൻ നസീറും നാല് ദിവസം മുമ്പ് ജയിലിലെത്തിയിരുന്നെങ്കിലും റഹീം നേരിട്ട് കാണാൻ കൂട്ടാക്കിയിരുന്നില്ല. ഒടുവിൽ മാതാവ് വീഡിയോ കോൺഫറൻസ് വഴി കണ്ട് മടങ്ങുകയായിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
റഹീം ഉമ്മയെ കാണാൻ കൂട്ടാക്കാതിരുന്നത് ചിലരുടെ ഇടപെടൽ ആണെന്ന ആരോപണം ഉയർന്നിരുന്നു. റഹീം നിയമസഹായ സമിതി അറിയാതെയാണ് മാതാവും സഹോദരനും സഊദിയിലെത്തിയിരുന്നത്. മോചനത്തിന് തുക സ്വരൂപിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദർശനം നടത്തരുതെന്ന് നേരത്തെ റഹീം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഉമ്മയെ കാണാൻ റഹീം വിസമ്മതിച്ചത്. റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."