വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ച്ചക്കകം മറുപടി നല്‍കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു രൂപപോലും സംസ്ഥാനത്തിന് ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചു.
അതേസമയം വയനാട് ദുരന്തത്തില്‍ ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് സി പി എം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അറിയിച്ചത്. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Wayanad landslide The High Court directed to clarify its position on the delay of central assistance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."