ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐ.ജിക്കും ഡി.ഐ.ജിക്കും ക്ലീന്‍ ചിറ്റ്. ഐ.ജി സേതുരാമന്‍, ഡി.ഐ.ജി അജിത ബീഗം എന്നിവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐ.ജിയും ഡി.ഐ.ജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
അന്നത്തെ തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച വന്നതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് സൂചന. പൂരം നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ശുപാര്‍ശകളായി ഉള്ളത്.
പ്രശ്‌നങ്ങള്‍ക്കു കാരണം അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമായിരുന്നുവെന്നാണ് ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്.
കോടതി നിര്‍ദേശങ്ങളുടെ ഭാഗമായാണ് പൊലിസ് സുരക്ഷാനടപടികള്‍ സ്വീകരിച്ചത്. പൂരത്തിലെ ചില ചടങ്ങുകള്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നെന്നും അതിനുപിന്നില്‍ പൊലിസിന്റെ ഗൂഢാലോചനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിയായിട്ടും ഉത്സവച്ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് കമ്മിഷണര്‍ മനസിലാക്കിയില്ല. കമ്മിഷണര്‍ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു. സഹായത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കമ്മിഷണര്‍ ജനങ്ങളോട് അനുനയത്തില്‍ ഇടപെട്ടില്ലെന്നും കാര്യങ്ങള്‍ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് പൂരം നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ദേവസ്വം അധികൃതരും പൊലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസാരിച്ച് പരിഹാരം കാണുമായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെയാണ് തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിക്കുന്നത്. പൂരം കലക്കുന്നതിന് ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഏകദേശം 1500 പേജുള്ള റിപ്പോര്‍ട്ടില്‍ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാ വിന്യാസങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ്. അവസാനവട്ട പരിശോധനയും പൂര്‍ത്തിയാക്കിയാണ് താന്‍ മടങ്ങിയതെന്ന വിശദീകരണവും പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."