ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു
മലപ്പുറം: ബജറ്റ് വിഹിതത്തിന് ഭരണാനുമതി ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു. അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള ബജറ്റിലെ 50 കോടിക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ ചികിത്സയ്ക്ക് ഫണ്ട് കണ്ടെത്താനാകാതെ തദ്ദേശസ്ഥാപനങ്ങൾ വലയുകയാണ്.
സംസ്ഥാനത്തെ 1032 തദ്ദേശസ്ഥാപനങ്ങളിലായി 1,03,099 വ്യക്തികളാണ് അതിദാരിദ്ര്യ വിഭാഗത്തിലുള്ളത്. ഇവരിൽ രക്താർബുദം ബാധിച്ചവർ അടക്കമുള്ളവരുടെ ചികിത്സയ്ക്ക് ഫണ്ട് കണ്ടെത്താനാകുന്നില്ല. ജില്ലാ മെഡിക്കൽ ബോർഡ് മതിയായ ചികിത്സ ആവശ്യപ്പെടുമ്പോൾ ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങൾ കൈമലർത്തുകയാണ്.
തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നെടുത്താണ് നിലവിൽ ഇത്തരക്കാർക്ക് ചികിത്സാസഹായം നൽകുന്നത്. ബജറ്റ് പണം അനുവദിക്കുന്നതോടെ ഈ തുക തനത് ഫണ്ടിലേക്ക് മാറ്റാനാണ് ശ്രമം. ഇതിന് പ്രത്യേക അനുമതിവാങ്ങി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. തനത് ഫണ്ട് കുറവുള്ള തദ്ദേശസ്ഥാപനങ്ങളാണ് ഇതുമൂലം ഏറെ വലയുന്നത്.
സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റിൽ 50 കോടി വകയിരുത്തിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഇവരെ പരിപൂർണമായി മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."