HOME
DETAILS

ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് ഡല്‍ഹിയിലെ തെരുവ് കച്ചവടക്കാരനെതിരെ

  
Web Desk
July 01 2024 | 05:07 AM

New criminal laws come into force, first case registered

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍. ഇതുപ്രകാരമുള്ള ആദ്യകേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കേസ്. റെയില്‍വേ സ്റ്റേഷന്റെ ഫുട് ഓവര്‍ബ്രിഡ്ജിനടിയില്‍ പൊതുജനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫി.ഐ.ആറില്‍ പറയുന്നത്.

രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്‍ക്കുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എന്‍.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. 

നിരവധി വിവാദ വ്യവസ്ഥകളും വകുപ്പുകളും ഉള്‍ക്കൊള്ളുന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കരുതെന്ന നിയമ വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്രം പുതിയ നിയമങ്ങളുമായി മുന്നോട്ടു പോയത്. പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത വേളയിലാണ് നടപ്പാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ നിയമങ്ങളില്‍ മതിയായ ചര്‍ച്ചയും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും പ്രതിപക്ഷവും നിയമ വിദഗ്ധരും ഒരു പോലെ വിമര്‍ശിക്കുന്നു.

രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങളും ജനങ്ങള്‍ക്ക് സുപരിചിതമായിരുന്നു. അതിലെ ഓരോ വ്യവസ്ഥകളും സുപ്രിംകോടതി കാലങ്ങളായി ഇഴകീറി വ്യാഖ്യാനിച്ചതിനാല്‍ സാധാരണക്കാര്‍ക്ക് പോലും ക്രിമിനല്‍ നിയമവ്യവസ്ഥ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ രാജ്യത്തെ ഒരു കോടതിയും വ്യാഖ്യാനിക്കാത്ത പുതിയ നിയമങ്ങള്‍ പൊടുന്നനെ പ്രാബല്യത്തിലാക്കുമ്പോള്‍ അത് സാധാരണക്കാര്‍ക്കിടയില്‍ ഉള്‍പെടെ ആശങ്കള്‍ക്കും പലവിധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

14 ദിവസത്തിനുപകരം 90 ദിവസം വരെ പൊലിസ് കസ്റ്റഡിയില്‍ വെക്കാന്‍ വ്യവസ്ഥ ചെയ്യുന്നതടക്കം നിരവധി കിരാത വകുപ്പുകള്‍ പുതിയ ക്രിമിനല്‍ നിയമത്തിലുണ്ട്. ഇതുകൂടാതെ സര്‍ക്കാറിന്റെ വിമര്‍ശകരെ കൂടുതല്‍ കര്‍ക്കശമായി നേരിടാന്‍ തക്ക വിധത്തിലുള്ള വകുപ്പുകള്‍ പുതിയ മൂന്ന് നിയമങ്ങളിലുണ്ടെന്നും ആക്ഷേപമുണ്ട്. പല പ്രതിപക്ഷ സംസ്ഥാനങ്ങളും ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."