HOME
DETAILS

സുനിതയും വിൽമോറും മടങ്ങാൻ മാസങ്ങളെടുക്കും

  
Web Desk
July 01 2024 | 03:07 AM

Sunita and Wilmore's homecoming will take months

വാഷിങ്ടണ്‍: സാങ്കേതിക തകരാര്‍ മൂലം  സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ തിരിച്ചിറക്കല്‍ അനിശ്ചിതത്വത്തിൽ. ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനായി പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസ്) എത്തിയ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിത വില്യംസും ബാരി വില്‍മോറും മാസങ്ങളോളം നിലയത്തില്‍ തുടരേണ്ടിവരും. 


അനിശ്ചിതത്വങ്ങള്‍ക്കും പരിഹാസത്തിനുമൊടുവില്‍ പേടകത്തെക്കുറിച്ച് നാസയും സ്റ്റാര്‍ലൈനറും വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും കൃത്യമായ തീരുമാനം അറിയിച്ചില്ല. 8 ദിവസത്തെ ദൗത്യമാണ് നാസയുടെ വാണിജ്യ ബഹിരാകാശ സഞ്ചാര പദ്ധതിയുടെ ഭാഗമായി ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന പേടകമായ സ്റ്റാര്‍ലൈനറിന്റേത്. എന്നാല്‍, ബഹിരാകാശത്ത് കണക്കുകൂട്ടിയ സമയത്തിനകം എത്തിയെങ്കിലും സ്റ്റാര്‍ലൈനറിനെ ഐ.എസ്.എസുമായി ബന്ധിപ്പിക്കാന്‍ മണിക്കൂറുകള്‍ വൈകി. ഹീലിയം വാള്‍വുകളിലെ ചോര്‍ച്ചയും ത്രസ്റ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമായിരുന്നു കാരണം. ഹീലിയം ചോര്‍ച്ച പരിഹരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായി. ദൗത്യത്തിന്റെ കാലാവധി 45 മുതല്‍ 90 ദിവസം വരെ നീട്ടാനാണ് ആലോചന. പേടകത്തിന്റെ തകരാറിനുള്ള കാരണം എന്‍ജിനീയര്‍മാര്‍ക്ക് വ്യക്തമായിട്ടില്ല. ത്രസ്റ്ററുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത പേടകത്തില്‍ സഞ്ചാരികളെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സുരക്ഷിതമല്ല. പകരം സ്വകാര്യ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് ഇവരെ ഭൂമിയിലെത്തിക്കാനാകും. പക്ഷേ, ഇത് നാസയ്ക്കും സ്റ്റാര്‍ലൈനര്‍ പദ്ധതിക്കും നാണക്കേടാണ്. 


പേടകത്തിന്റെ താഴെയുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള സര്‍വിസ് മൊഡ്യൂളിലാണ് ചോര്‍ച്ച. ബഹിരാകാശ സഞ്ചാരത്തിനുള്ള പേടകത്തിന് ഊര്‍ജം നല്‍കുന്നത് സര്‍വിസ് മൊഡ്യൂളാണ്. അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ഈ മൊഡ്യൂള്‍ കത്തിച്ചാമ്പലാകുകയും പേടകം പാരച്ച്യൂട്ടില്‍ ഇറങ്ങുകയും ചെയ്യും. അതിനാല്‍ സര്‍വിസ് മൊഡ്യൂള്‍ പ്രശ്‌നം ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം പഠിക്കാനാകില്ല. അതിനാലാണ് ബഹിരാകാശത്തുനിന്ന് പേടകത്തിന്റെ പ്രശ്‌നം പഠിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

 

Sunita and Wilmore's homecoming will take months



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."