HOME
DETAILS

സഹകരണ ആശുപത്രികൾ 'കാഷ്വാലിറ്റിയിൽ'

  
ബാസിത് ഹസൻ
July 01 2024 | 02:07 AM

Cooperative Hospitals in Casualty



തൊടുപുഴ: സംസ്ഥാനത്തെ സഹകരണ ആശുപത്രികൾ 'അത്യാഹിത വിഭാഗത്തിൽ'. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 73 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ആലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സാ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടും. പല ആശുപത്രികളും കോടികളുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നഷ്ടത്തിൽ മുന്നിൽ കോഴിക്കോട് ഡിസ്ട്രിക് കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലാണ്, 2022 -23 ലെ ഓഡിറ്റ് പ്രകാരം ഇവിടുത്തെ നഷ്ടം 56.63 കോടിയാണ്. 2023 - 24 ലെ ഓഡിറ്റ് പൂർത്തീകരിച്ചിട്ടില്ല. പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
 15 സഹകരണ ആശുപത്രികൾ പ്രവർത്തിക്കുന്ന കണ്ണൂരിൽ ഒന്നു പോലും ലാഭത്തിലില്ല. എട്ടെണ്ണമുള്ള കാസർകോട്, രണ്ടെണ്ണം വീതമുള്ള  ഇടുക്കി, പത്തനംതിട്ട  ജില്ലകളുടെ സ്ഥിതിയും വിഭിന്നമല്ല. 13 ആശുപത്രികളുള്ള കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിൽ. ഏറാമല ആയുർവേദ ആശുപത്രിയും അത്തോളി പഞ്ചായത്ത് സഹകരണ ആശുപത്രിയും. ഇതിൽ എറാമലയുടെ ലാഭം വെറും 15,185 രൂപ മാത്രമാണ്. കൊല്ലത്ത് ഏഴെണ്ണമുള്ളതിൽ സാന്ത്വനം സഹകരണ ആശുപത്രി, ജില്ലാ സഹകരണ ആശുപത്രി എന്നിവ ലാഭത്തിലാണ്. കോട്ടയത്തെ മൂന്ന് ആശുപത്രികളിൽ ജില്ലാ സഹകരണ ആശുപത്രി മാത്രമാണ് ലഭാത്തിൽ. എറണാകുളത്തെ മൂന്നെണ്ണത്തിൽ കൊച്ചിൻ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ലാഭകരമായി പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലയിലെ ആറ് ആശുപത്രികളിൽ പി.എം.എസ്.എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രി, കോട്ടക്കൽ കോ ഓപ്പറേറ്റീവ് ആശുപത്രി, ഇ.എം.എസ്. മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയും പാലക്കാട്ടെ ആറ് ആശുപത്രികളിൽ ചെർപ്പുളശ്ശേരി ആശുപത്രിയും തൃശൂരിലെ ആറെണ്ണത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയും ലാഭത്തിലാണ്. തിരുവന്തപുരം ജില്ലയിലെ മൂന്ന് ആശുപത്രികളിലും ഓഡിറ്റ് പൂർത്തിയായിട്ടില്ല. 
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ആശുപത്രി സഹകരണ സംഘങ്ങൾ ലാഭവിഹിതം നൽകിയിട്ടില്ല. ഒമ്പത് സംഘങ്ങൾ മാത്രമാണ് ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകുന്നത്. തൃശൂർ ജില്ലാ ആയുർവേദ സഹകരണ ആശുപത്രി 25 ശതമാനം ലാഭവിഹിതം നൽകിയിട്ടുണ്ട്. അലോപ്പതി മേഖലയിൽ കൂടുതൽ ഡിവിഡന്റ് നൽകുന്നത് മലപ്പുറം പി.എം.എസ്.എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രിയാണ്, 11 ശതമാനം. കോട്ടക്കൽ സഹകരണ ആശുപത്രി 5 ശതമാനവും ഡിവിഡന്റ് നൽകുന്നുണ്ട്. 
സഹകരണ മേഖലയിലെ 30 ഓളം ചികിത്സാ കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ അടഞ്ഞു കിടപ്പുണ്ട്. ഡിവിഡന്റ് നൽകാനാവത്തതിനാൽ പുതിയ ഓഹരി സമാഹരണം ഉൾപ്പെടെ പലയിടത്തും പ്രതിസന്ധിയിലാണ്. ഇതിനാൽ സ്വകാര്യ സ്ഥാപങ്ങൾക്ക് കിടപിടക്കുന്ന തരത്തിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ സഹകരണ ആശുപത്രികൾക്ക് കഴിയുന്നില്ല.

Cooperative Hospitals in 'Casualty'


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."