HOME
DETAILS

മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളിൽ ഷിഗെല്ല

  
Web Desk
July 01 2024 | 02:07 AM

Shigella among school students in Malappuram


 

 

തേഞ്ഞിപ്പലം(മലപ്പുറം): കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സ തേടിയ വിദ്യർഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികളുടെ മലം പരിശോധിച്ചതിൽ നിന്നാണ് ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. അതേ സമയം സ്‌കൂളിൽ നിന്നും ലാബിലേക്കയച്ച കുടിവെള്ളത്തിന്റേയും ബാക്കി വന്ന തൈര് ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങളുടെയും പരിശോധനാ ഫലം ലഭിച്ചാലെ രോഗം വരാനുണ്ടായ കാരണം വ്യക്തമാകൂവെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.

സ്‌കൂളിൽ നിന്ന് കഴിഞ്ഞ 21 ന് ഉച്ചഭക്ഷണം കഴിച്ച 288 കുട്ടികളിൽ ഇതുവരെയായി 128 പേർക്കാണ് അസ്വസ്ഥതകൾ ബാധിച്ചത്. കൂടാതെ ഭക്ഷണം കഴിച്ച മൂന്ന് അധ്യാപികമാർക്കും രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 16 പേരും ഉൾപ്പെടെ 147 പേർക്കും രോഗബാധയുണ്ടായി. മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി 44 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ വിടുകളിൽ സുഖം പ്രാപിച്ച് വരുന്നതായും പള്ളിക്കൽ പഞ്ചായത്ത് മെഡിക്കൽ ഓഫിസർ എസ്. സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.വി ഷീബ എന്നിവർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാർഥങ്ങളിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത്. രോഗാരംഭത്തിൽ തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഇത് അപകടങ്ങൾക്ക് കാരണമായേക്കാം. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ഡോക്‌സിൻ കുടലിനേയും മറ്റവയവങ്ങളെയും ബാധിക്കുമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

Shigella among school students in Malappuram


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."