HOME
DETAILS

സൈബർ ക്രൈം: ആറുമാസത്തിനിടെ സംസ്ഥാനത്ത് 4,766 മൊബൈൽ ഫോണുകൾക്ക് പൂട്ട്

  
കെ. ഷിന്റുലാൽ 
July 01 2024 | 02:07 AM

Cyber ​​crime: 4,766 mobile phones locked in kerlam


  
 

കോഴിക്കോട്: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടും  അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചതുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനാലും സംസ്ഥാനത്ത് ആറുമാസത്തിനിടെ പൂട്ടുവീണത് 4,766 മൊബൈൽ ഫോണുകൾക്ക്.  
നാഷനൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻ.സി.ആർ) വഴിയാണ് മൊബൈൽ ഫോണുകൾക്ക് വിലക്ക് വന്നത്. പോർട്ടലിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്  വിവിധ ജില്ലകളിലായി ഇത്രയും ഫോണുകൾ പ്രവർത്തനരഹിതമാക്കിയത്. വ്യാജരേഖ നൽകിയതിന്റെ പേരിൽ ഇക്കാലയളവിൽ മാത്രം സംസ്ഥാനത്ത് 5,055 സിം കാർഡുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നു മുതൽ കഴിഞ്ഞ മെയ് 31 വരെ എൻ.സി.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിലാണ്  മൊബൈലുകളും സിംകാർഡുകളും ഉപയോഗ്യമല്ലാതാക്കിയത്. എൻ.സി.ആർ വഴി രാജ്യത്ത് ആറ് മാസത്തിനിടെ 21,159 പരാതികളാണ് റിപ്പോർട്ട് ചെയ്തത്.   എൻ.സി.ആർ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുമ്പോൾ തട്ടിപ്പു സംഘം ഉപയോഗിച്ച മൊബൈൽ നമ്പറോ  ഇ മെയിൽ ഐഡിയോ  രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇപ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൊബൈൽ ഫോണും തട്ടിപ്പിന് ഉപയോഗിച്ച സിംകാർഡും ബ്ലോക്ക് ചെയ്യുന്നത്. 
ഇത്തരം തട്ടിപ്പുകൾക്ക് അനധികൃതമായി സിംകാർഡുകൾ സംഘടിപ്പിച്ച് കൈമാറുന്നത് സംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് സൈബർ ക്രൈം പൊലിസ് നൽകുന്ന വിവരം. എല്ലാ ജില്ലകളിലും തട്ടിപ്പ് നടക്കുന്നുണ്ട്. സിംകാർഡ് ആവശ്യമുള്ളവർ മതിയായ രേഖകളും ഫോട്ടോയും സഹിതമാണ് അപേക്ഷിക്കുന്നത്. 
കൂടാതെ വിരലടയാളം ശേഖരിക്കുകയും ചെയ്യും.  എന്നാൽ തട്ടിപ്പു സംഘങ്ങൾ സിം വിതരണ സ്ഥാപനങ്ങളുടെ ഒത്താശയോടെ ഒന്നിൽ കൂടുതൽ തവണ വിരലടയാളം ശേഖരിക്കുകയും അതുവഴി ഉപഭോക്താവ് അറിയാതെ വേറെ സിംകാർഡ് എടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൈബർ ക്രൈം പൊലിസ് പറയുന്നത്.  ഈ സിംകാർഡുകളാണ് തട്ടിപ്പു സംഘങ്ങൾക്ക് കൈമാറുന്നത്. ഇതിന് പുറമേ കോളജ് വിദ്യാർഥികൾ അവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും സിംകാർഡുകൾ നൽകുന്നുണ്ട്.  വിദ്യാർഥികൾക്ക് നിശ്ചിത തുക നൽകിയാൽ ഇപ്രകാരം സിംകാർഡുകൾ എടുത്തു നൽകുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. പിന്നീട് സിമ്മിന്റെ വിവരങ്ങൾ അന്വേഷിച്ച് പൊലിസ് എത്തുമ്പോഴാണ് തട്ടിപ്പിനെ കുറിച്ച് പലരും അറിയുന്നത്. സംസ്ഥാനത്ത് വ്യാജ സിംകാർഡ് വൻതോതിൽ ശേഖരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
വേങ്ങരയിൽ വ്യാജ മൊബൈൽ സിംകാർഡുകളുടെ മൊത്ത വിതരണക്കാരനെ 40,000 സിംകാർഡുകളും നൂറ് കണക്കിന് മൊബൈൽ ഡിവൈസുകളുമായാണ് പിടികൂടിയത്. തൃശൂരിൽ സിംകാർഡ് ആക്ടിവേറ്റ് ചെയ്ത് നൽകിയ യുവാവിനെയും ഈ സിംകാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കംബോഡിയൻ സംഘത്തിലെ പ്രധാനിയേയും പിടികൂടിയിരുന്നു.

ഫോൺ തിരിച്ചറിയുന്നത് ഐ.എം.ഇ.ഐ നമ്പർ വഴി 

സൈബർ തട്ടിപ്പിനിരയായ വ്യക്തിയുടെ ഫോണിലേക്ക് വന്ന സന്ദേശത്തിൽ നിന്നോ കോളുകളിൽ നിന്നോ നമ്പർ തിരിച്ചറിഞ്ഞാൽ ഈ വിവരം എൻ.സി.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി തട്ടിപ്പിനുപയോഗിച്ച സിം കാർഡ് ഏത് ഫോണിലാണ് ഉപയോഗിച്ചതെന്ന് മനസിലാക്കാൻ സാധിക്കും. ഫോണിന്റെ ഐ.എം.ഇ.ഐ (ഇൻ്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറിലൂടെയാണ് സിമ്മിന്റെ സേവനദാതക്കളിൽ നിന്നും മൊബൈൽ ഫോൺ തിരിച്ചറിയാൻ സാധിക്കുന്നത്. ഇപ്രകാരമാണ് മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നത്. പിന്നീട് ഈ ഫോൺ ഉപയോഗിക്കാനാവില്ല. മറ്റൊരു സേവനദാതാവിന്റെ സിം ഇട്ടാലും പ്രവർത്തിക്കില്ല. എൻ.സി.ആർ പോർട്ടൽ വഴി ലഭിച്ച പരാതി വഴി ഫോൺ ബ്ലോക്ക് ചെയ്താൽ പിന്നീട് ബ്ലോക്ക് ഒഴിവാക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണ്.


 

Cyber ​​crime: 4,766 mobile phones locked in keralam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."