HOME
DETAILS

അംബേദ്കർ വായനകൾ വെട്ടുന്ന വഴികൾ

  
backup
December 06 2021 | 04:12 AM

9876574121532-2

ടി.എൻ പ്രതാപൻ എം.പി

ഡോ. ബി.ആർ അംബേദ്കർ ഭരണഘടനയുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. ഭരണഘടനാനിർമാണ സഭയിലുണ്ടായിരുന്ന മറ്റാരെയും ഇന്ത്യ ഓർക്കുന്നതിനേക്കാൾ ബാബാസാഹേബിനെ ഇന്ത്യ ഓർക്കുന്നുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് എക്കോണമിക്‌സിൽനിന്ന് പഠനം പൂർത്തിയാക്കിയ ബാബാസാഹേബ് ഇന്ത്യയുടെ സാമൂഹികഘടനയിൽ ജാതീയതയുടെ സാമ്പത്തികവും സാമൂഹികവുമായ അർബുദത്തെ പറ്റി ആഴത്തിൽ ആശങ്കാകുലനായിരുന്നു. കുട്ടിക്കാലം മുതലേ അംബേദ്കറിന്റെ മനസിൽ അസമത്വത്തിന്റെ അനീതികൾ വരുത്തിയ മുറിവുകൾ ആഴത്തിൽ പതിഞ്ഞിരുന്നു. അതാകട്ടെ ഒരിക്കലും പൊറുക്കാതെ ഉണങ്ങാതെ കിടന്നു.


വിദ്യാഭ്യാസവും സംഘാടനവും അധികാരവും അടിച്ചമർത്തപ്പെട്ട അവർണ ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് അംബേദ്കർ ഉറച്ചുവിശ്വസിച്ചു. ലോകത്തെല്ലായിടത്തും വർണ, വർഗ വിവേചനങ്ങൾ നടക്കുന്നതായി അംബേദ്കർ മനസിലാക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ വർണാശ്രമ സംവിധാനം ഇവിടുത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ഘടനകളോട് ഇഴചേർന്ന് സങ്കീർണമായ ഒരു ഭ്രാന്തായിത്തീർന്നിരുന്നു. അതാകട്ടെ കേട്ടാലറയ്ക്കുന്ന സമ്പ്രദായങ്ങളാൽ രൂഢമായിത്തീർന്നിരുന്നു.


ഇന്ത്യയിൽ മടങ്ങിയെത്തിയ അംബേദ്കർ അക്കാലത്ത് മറ്റാർക്കുമില്ലാതിരുന്ന യോഗ്യതകളൊക്കെയുണ്ടായിട്ടുപോലും വലിയ വിവേചനങ്ങൾ അഭിമുഖീകരിച്ചു. എന്നാൽ അപകർഷതയുടെ മറയിലേക്ക് നീങ്ങിനിൽക്കാൻ അദ്ദേഹം തയാറല്ലായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെ വഞ്ചിച്ചും അവഗണിച്ചും അവഹേളിച്ചും നമുക്കൊരു സ്വാതന്ത്ര്യം വേണ്ടെന്ന നിലപാടായിരുന്നു അംബേദ്കറിന്. ബ്രിട്ടീഷുകാരന്റെ അടിമത്വത്തിൽനിന്ന് വർണാശ്രമവ്യവസ്ഥയുടെ അടിമത്വ സമ്പ്രാദയത്തിലേക്ക് വഴിമാറിയിട്ടെന്ത് കാര്യമെന്ന് അംബേദ്കറിന്റെ നിലപാടുകൾ ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ അംബേദ്കർ കണ്ട സാമൂഹിക സങ്കൽപമോ പരിഹാരങ്ങളോ അല്ലായിരുന്നു മറ്റുള്ളവർ കണ്ടത്. മഹാത്മാഗാന്ധിയുടെ നിലപാടും മാളവ്യയുടെ നിലപാടും അംബേദ്കറിനോട് യോജിച്ചില്ല. അധഃസ്ഥിത വിഭാഗങ്ങൾക്ക് സംവരണ മണ്ഡലങ്ങൾ വേണമെന്ന ആവശ്യം അങ്ങനെയാണ് പൂനെ കരാറിലേക്ക് എത്തുന്നത്.
അംബേദ്കറിന്റെ നയത്തിനെതിരേ യാർവാദ ജയിലിൽ മഹാത്മാഗാന്ധി ഉപവാസമിരുന്നു. ഒടുവിൽ അംബേദ്കറും മാളവ്യയുടെ നേതൃത്വത്തിലുള്ള ഹിന്ദുനേതാക്കളും ഗാന്ധിയും സന്ധിയിലായി. അംബേദ്കർ വീക്ഷണം ചെയ്തതുപോലെ നടന്നില്ലെങ്കിലും അധഃസ്ഥിതരുടെ അവകാശങ്ങളെ ഇനിയും രാഷ്ട്രീയാധികാര മണ്ഡലങ്ങളിൽ അവഗണിക്കപ്പെടാവുന്നതല്ലെന്ന് വ്യക്തമാക്കി. അധികാരത്തിലും നിയമനിർമാണത്തിലും സംവരണം ഉറപ്പാക്കി അധഃസ്ഥിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അന്നുമുതലേ ഉണ്ടെങ്കിലും അംബേദ്കറിനെ പോലെ ചിന്തിച്ച രാഷ്ട്രീയനേതൃത്വം ഇന്ത്യക്ക് പിന്നീടുണ്ടായില്ല. ഉണ്ടായ കാൻഷിറാമിനെ പോലുള്ളവർക്ക് അഭിമാനകരമായ പിന്തുടർച്ചകളും വേറെയുണ്ടായില്ല. അതുകൊണ്ടുതന്നെ ജാതി വോട്ട് ബാങ്കായി മാത്രം ഒതുക്കപ്പെട്ടു. സവർണ, അവർണ ധ്രുവീകരണം തരാതരം രാഷ്ട്രീയക്കാർ നിർമിച്ചുകൊണ്ടിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും അധികാരത്തിന്റെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്ന മേൽജാതിക്കാരായ അധികാര, ഉദ്യോഗസ്ഥ വർഗം ഇപ്പോഴും ഉള്ളിൽ കൊണ്ടുനടക്കുന്നു.


വർണവ്യവസ്ഥയ്ക്കെതിരേ മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്കർ പ്രതിഷേധിച്ചത്. അതെ മനുസ്മൃതി തന്നെ ഭരണഘടനയാക്കണമെന്ന് ആഗ്രഹമുള്ളവർ പക്ഷേ, ബി.ആർ അംബേദ്കറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. അംബേദ്കർ ചരമദിനം ഘോരം ആഘോഷമാക്കുമ്പോഴും അംബേദ്കർ ഉയർത്തിയ ജാതിയെയും അധികാരത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും വ്യക്തമായി നമുക്ക് മുന്നിലുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ കാപട്യം ജനങ്ങൾ എത്രത്തോളം മനസിലാക്കുന്നു എന്നിടത്താണ് കാര്യം.
അംബേദ്കർ പഠിക്കാനും സംഘടിക്കാനും ശക്തരാകാനും ഉദ്‌ബോധിപ്പിച്ചു. അവകാശങ്ങളെ കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളാണ് വഞ്ചിതരാകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുന്ന ആദ്യത്തെ കവചം. ആരുടെയും ഭിക്ഷ യാചിക്കുകയല്ല, മറിച്ച്, അവകാശം നേടിയെടുക്കുകയാണെന്ന് പ്രഖ്യാപിക്കാനുള്ള ഉറച്ച ശബ്ദവും ആത്മവിശ്വാസവും ദൃശ്യതയും ഉണ്ടാക്കി എന്നതാണ് അംബേദ്കർ ഇന്ത്യൻ സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടന.
അംബേദ്കറിനെ പോലെ ഒരു മഹാനെ ഭരണഘടനാസമിതിയുടെ തലപ്പത്ത് കൊണ്ടുവരാൻ ജവഹർലാൽ നെഹ്‌റു അടക്കമുള്ള നേതാക്കൾ കാണിച്ച താൽപര്യമാണ് ഏറ്റവും ശ്രദ്ധേയം. അംബേദ്കർ എന്ന നേതാവ് ഇതിനകം ഇന്ത്യയിലെ ഏറ്റവും അധഃസ്ഥിതരായ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ഒരു വലിയ ജനസഞ്ചയത്തിന് നൽകിയ പ്രതീക്ഷ എത്രത്തോളമാണെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു. അതേസമയം, ബി.ആർ അംബേദ്കർ നമ്മുടെ ഭരണഘടനയുടെ പിതാവാണെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ അംബേദ്കർ രാജ്യം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനാണെന്ന് കൂടി പഠിപ്പിക്കണം. അദ്ദേഹം സാധ്യമാക്കിയ മാനവികതയുടെ, സമത്വചിന്തയുടെ പ്രകാശനത്തിന്റെ ചരിത്രം നമ്മൾ ഓർമിക്കണം, പഠിക്കണം.


2014ന് ശേഷം രാജ്യത്ത് ദലിത്, ആദിവാസി ജനവിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവെന്നാണ് മനസിലാകുന്നത്. അധികാരത്തിലുണ്ടാകുന്ന മാറ്റം എങ്ങനെയാണ് നമ്മുടെ സാമൂഹിക ഘടനയിൽ ഒരു വിഭാഗത്തെ ക്രൂരമായി തല്ലിയൊതുക്കാനുള്ള സാധ്യതകൾ ഒരുക്കുന്നതെന്ന് മനസിലാക്കുമ്പോഴാണ് നമുക്ക് രാജ്യം എത്തിനിൽക്കുന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് മനസിലാവുക. ഹത്രാസിൽ നടന്ന സംഭവം തന്നെ നോക്കൂ. മേൽജാതിക്കാർ പ്രതികൾക്ക് വേണ്ടി നടത്തിയ സമ്മേളനങ്ങളും റാലികളും പരാതിക്കാർക്ക് നേരെയും ഇരയുടെ കുടുംബത്തിന് നേരെയും ഉയർത്തിയ പ്രതിഷേധങ്ങളും നോക്കൂ. ഒന്നും വേണ്ട, രാജ്യത്തെ പ്രഥമ പൗരനും പത്‌നിക്കും വരെ അവരുടെ ജാതിപ്പേരിനാൽ പ്രവേശനം നൽകാത്ത ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
ജാതിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ എന്നാണ് മാറുക? അംബേദ്കർ എന്ന നേതാവിന്റെ ബിംബം ആവശ്യമാവുകയും എന്നാൽ അംബേദ്കറിന്റെ നിലപാടുകളെ തള്ളുകയും ചെയ്യുന്ന രാഷ്ട്രീയകാപട്യമെന്നാണ് നമ്മൾ തിരിച്ചറിയുക? അംബേദ്കറിന്റെ വഴി തിരഞ്ഞെടുത്തവർ അർബൻ നക്‌സലുകളായി മുദ്രകുത്തപ്പെടുന്ന, ജയിലിലടയ്ക്കപ്പെടുന്ന, കരിനിയമങ്ങൾ ചാർത്തപ്പെടുന്ന പുതിയ ഇന്ത്യയിൽ അംബേദ്കർ എന്തായി പരിണമിക്കും? ഈ ഭരണഘടന കൂടി തകർക്കാനുള്ള ശ്രമങ്ങളുള്ളപ്പോൾ വൈകാതെ തന്നെ അംബേദ്കറിന്റെ പ്രതിമകളും ഛായാചിത്രങ്ങളും വരെ ഉപേക്ഷിക്കപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ എത്തുമോ?


അംബേദ്കറിലേക്കുള്ള വഴികൾ നമ്മൾ കണ്ടെത്തണം. നിലവിലുള്ള അംബേദ്കറൈറ്റ് രാഷ്ട്രീയം ഉപജാതി സങ്കീർണതകളാൽ ദുർബലപ്പെട്ടുകൂടാ. എന്നുമാത്രമല്ല, ഗാന്ധി, നെഹ്‌റു തുടങ്ങിയ നേതാക്കളോട് അസഹിഷ്ണുതാപരമായ സമീപനങ്ങളും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ആരും എല്ലാകാലത്തും ശരി മാത്രമായി നിൽക്കുന്നില്ല എന്നതിനാലാണല്ലോ നമ്മുടെ ലോകം ഓരോ ദിവസവും കൂടുതൽ സങ്കീർണമാകുന്നത്. ആയതിനാൽ യാഥാർഥ്യങ്ങളെ അതിന്റെ കാതൽ ഉൾകൊണ്ട് സമീപിക്കുന്ന അംബേദ്കർ വായന നടക്കട്ടെ. യഥാർഥ പ്രശ്‌നങ്ങൾ എന്താണെന്ന് തിരിച്ചറിയാനും പ്രായോഗികമായി അതിന് പരിഹാരം കണ്ടെത്താനും കഴിയണം. സംഘാടനവും പ്രവർത്തനങ്ങളും സജീവമാകട്ടെ. പഠിച്ചും സംഘടിച്ചും അധികാരത്തിൽ പ്രതിനിധാനം കണ്ടെത്തിയും പൊതു ഇടങ്ങളിൽ സമത്വം ഉറപ്പിക്കാൻ നമുക്ക് കഴിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  5 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  5 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  5 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  5 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  5 days ago
No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  5 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  5 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  5 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  5 days ago