പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളി നിയമനം:കൂടിക്കാഴ്ച കഴിഞ്ഞു രണ്ടു വര്‍ഷം പിന്നിട്ടു; നിയമന ഉത്തരവ് ഫയലില്‍ തന്നെ
ബോവിക്കാനം: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനുകളില്‍ നിയമനം കാത്തു നിരവധി തൊഴിലാളികള്‍. രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നിയമനത്തിനായുള്ള വിളിക്കായി ആയിരക്കണക്കിനു തൊഴിലാളികളാണു കാത്തിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റുകളിലേക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പേരാണു നിയമനം ലഭിക്കാതെ അനിശ്ചിതത്വത്തില്‍ കഴിയുന്നത്.
2015 ഓഗസ്റ്റിലാണു പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട്, പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലേക്കു തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ തൊഴിലാളികളുടെ കായിക ക്ഷമത, വൈദ്യപരിശോധന എന്നിവയും നടത്തിയിരുന്നു. നാല് എസ്റ്റേറ്റുകളിലായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 3500 ഓളം പേരാണു നിയമനം കാത്തുനില്‍ക്കുന്നത്. ഭരണം മാറിയതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തലപ്പത്തു നടന്ന അഴിച്ചുപണിയാണു നിയമനം നടത്തുന്നതില്‍ വന്ന പ്രതിസന്ധിക്കു കാരണമായതെന്നാണ് സൂചന.
അതിനു പുറമെ അന്നു നടന്ന കൂടിക്കാഴ്ചയുടെ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണവും നടന്നു വരികയാണ്.
അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയുടെ കാലാവധി അവസാനിക്കുക കൂടി ചെയ്താല്‍ നിയമനം കാത്തിരിക്കുന്ന ആയിരങ്ങളുടെ തൊഴില്‍ സാധ്യത ഇല്ലാതാവുമെന്ന ആശങ്ക ഉയരുകയാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു നിയമനം കാത്തു നില്‍ക്കുന്ന തൊഴിലാളികള്‍ സംസ്ഥാന സ ര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും അതിനും ഫലമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."