ബത്തേരി നഗരസഭ ഇടതിന് നഷ്ടമാകും
സുല്‍ത്താന്‍ ബത്തേരി: നഗരസഭ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കൈയൊഴിയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലേക്കുള്ള വരവാണ് ഭരണം കൈവിടാന്‍ മാണി വിഭാഗത്തെ നിര്‍ബന്ധിതരാക്കിയത്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) അംഗം ടി.എല്‍ സാബുവിനോട് രാജിവയ്ക്കാന്‍ മാണി വിഭാഗം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ചെയര്‍മാന്‍ രാജിവച്ചാല്‍ നഗരസഭാ ഭരണം ഇടതിന് നഷ്ടമാകും.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നേരിട്ട് വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിലെ പ്രധാനകക്ഷി എല്‍.ഡി.എഫുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നതിനെതിരേ ഘടകകക്ഷികളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ബുധനാഴ്ചക്കകം രാജിവയ്ക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ പാര്‍ട്ടി ജില്ലാ പ്രസിഡന്റും ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് സാബുവിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേതൃത്വത്തിന്റെ ആവശ്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ടി.എല്‍ സാബു പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വയനാട്ടില്‍ പ്രഖ്യാപിച്ചത് മുതല്‍ ബത്തേരിയില്‍ കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കണമെന്ന് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ശക്തമായി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാക്കളും ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ചേരുകയും രാഹുലിനായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍.ഡി.എഫിനൊപ്പം നിന്ന് രാഹുലിനായി പ്രചാരണം നടത്തുമെന്ന് പറയുന്നത് കപടതയാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ജില്ലാ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."