എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാത; ഇത് അബൂദബിയാണ് ഭായ്!
അബൂദബി: എമിറേറ്റിലെ ചൂടുള്ള കാലാവസ്ഥയില്‍ നഗരജീവിതം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ സംരംഭമായ പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഔട്ടഡോര്‍ നടപ്പാത തുറന്ന് അബൂദബി. നഗരത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഒരു നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്.
അല്‍ മമൂറ ബില്‍ഡിംഗിന് സമീപമുള്ള അല്‍ നഹ്യാന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നടപ്പാതയില്‍ വര്‍ഷം മുഴുവനും 24 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും നിലനിര്‍ത്തുക. അത്യാധുനിക കൂളിംഗ് സംവിധാനവും പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ആരംഭിച്ച ഈ പദ്ധതി, വേനല്‍ക്കാലത്ത് പോലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഖപ്രദമായ കാല്‍നട അനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് നടപ്പാക്കിയിരിക്കുന്നത്.
കാലാവസ്ഥാ നിയന്ത്രണത്തിന് പുറമേ, നടപ്പാതയില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, കഫേകള്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഔട്ട്‌ഡോര്‍ സീറ്റിംഗ് ഏരിയകള്‍ എന്നിവ ഉള്‍പ്പെടുന്നു. നൂതനമായ ഡിസൈന്‍ ഉള്ളില്‍ തണുത്ത വായു നിലനിര്‍ത്തിക്കൊണ്ട് സ്വാഭാവിക സൂര്യപ്രകാശം ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്.
മൊത്തത്തില്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ശാന്തമായ അന്തരീക്ഷം ആസ്വദിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇത് നന്നായി ഇഷ്ടപ്പെടും. പൊതു ഇടങ്ങളിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഈ നേട്ടത്തെ അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."