ടാക്‌സി ഡ്രൈവറുമായി വഴക്കിട്ടു യുവതികള്‍; പൊലിസിന്റെ വീഡിയോയും പകര്‍ത്തി, വടിയെടുത്ത് ദുബൈ കോടതി
ദുബൈ: പൊലിസ് ഉദ്യോഗസ്ഥരുടെ വീഡിയോ പകര്‍ത്തിയ യുവതിയേയും അവരെ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്ത സുഹൃത്തിനെയും ദുബൈ കോടതി ശിക്ഷിച്ചു. പ്രതികളിലൊരാള്‍ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. അതേസമയം ഇവരുടെ സുഹൃത്ത് പൊലിസ് ഉദ്യോഗസ്ഥരെ ചെറുത്തതിനും ആക്രമിച്ചതിനുമാണ് ശിക്ഷിക്കപ്പെട്ടത്.
2024 ജനുവരി 18 ന്, ഗ്ലോബല്‍ വില്ലേജിന് സമീപം ഒരു ടാക്‌സി ഡ്രൈവറുമായി വഴക്കിനെത്തുടര്‍ന്ന് കസാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ അല്‍ ബര്‍ഷ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് കേസിന്റെ തുടക്കം.
സ്‌റ്റേഷനുള്ളില്‍ വെച്ച് പ്രതികളിലൊരാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വനിതാ പൊലിസുദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരുടെ വീഡിയെ ചിത്രീകരിക്കുകയായിരുന്നു. ഫോണ്‍ നല്‍കാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല.
ഉദ്യോഗസ്ഥര്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ പ്രതി ശാരീരികമായി ചെറുക്കുകയും ഫോണ്‍ വാങ്ങാന്‍ ശ്രമിച്ച പോലിസുകാരെ ചവിട്ടുകയും അടിക്കുകയുമായിരുന്നു.
അക്രമ ഫലമായി മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ചതവുകളും പോറലുകളും ഉള്‍പ്പെടെയുള്ള പരുക്കുകള്‍ ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
'ഗ്ലോബല്‍ വില്ലേജിലെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് സ്ത്രീകള്‍ ടാക്‌സി ഡ്രൈവറെ ഉപദ്രവിക്കുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചു. രണ്ട് സ്ത്രീകളെ അല്‍ ബര്‍ഷ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു,' സംഭവത്തിനു സാക്ഷിയായ ഒരു വനിതാ ഓഫീസര്‍ പറഞ്ഞു.
'സ്റ്റേഷനില്‍ വെച്ച് അവരില്‍ ഒരാള്‍ ഞങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നത് ഞാന്‍ കണ്ടു, അതിനാല്‍ ഞാന്‍ ഡ്യൂട്ടി ഓഫീസറെ അറിയിച്ചു, അവര്‍ അവളുടെ ഫോണ്‍ ആവശ്യപ്പെട്ടു. ഞാന്‍ അവളോട് അത് കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ വിസമ്മതിച്ചു. ഞങ്ങള്‍ അവരെ ഒരു സ്വകാര്യ ഓഫീസിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ഒരാള്‍ എതിര്‍ക്കുകയും ഞങ്ങളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.'
പ്രതികളിലൊരാള്‍ക്കെതിരെ പൊലിസ് ഉദ്യോഗസ്ഥരെ എതിര്‍ത്തതിനും ആക്രമിച്ചതിനും കുറ്റം ചുമത്തിയപ്പോള്‍ മറ്റൊരാള്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഡിയോ നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്തതിനാണ് കേസെടുത്തത്.
കോടതി നടപടികളില്‍, ഒന്നാം പ്രതി തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചു. രണ്ടാം പ്രതി ഉദ്യോഗസ്ഥരുടെ വീഡിയോ ചിത്രീകരിച്ചതായി സമ്മതിച്ചെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്ന് അവകാശപ്പെട്ടു.
പൊലിസ് ഉദ്യോഗസ്ഥരെ ചെറുക്കുകയും ആക്രമിക്കുകയും ചെയ്തതിന് ഒന്നാം പ്രതിക്ക് മൂന്ന് മാസം തടവു ശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലയളവിനു ശേഷം ഇവരെ നാടുകടത്തും. രണ്ടാം പ്രതിക്ക് 2000 ദിര്‍ഹം പിഴ ചുമത്തുകയും റെക്കോര്‍ഡിംഗ് നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."