സഹകരണ വകുപ്പ് ടീം ഓഡിറ്റ് റിപ്പോർട്ട് : ചുമതല ക്രമീകരിച്ച് ഉത്തരവ്- സ്‌കീം സർക്കാർ അംഗീകരിക്കാത്തതിനാൽ കാര്യക്ഷമമാകില്ല
തൊടുപുഴ: സഹകരണ വകുപ്പിലെ ടീം ഓഡിറ്റുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് ചുമതല ക്രമീകരിച്ച് നൽകി ഉത്തരവ്. സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ടീം ഓഡിറ്റ് നടപ്പാക്കിയ സാഹചര്യത്തിൽ, സമയബന്ധിതമായി ഓഡിറ്റ് പൂർത്തീകരിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചുമതലകൾ ക്രമീകരിച്ചുനൽകുന്നത് അനിവാര്യമാണെന്ന് സഹകരണ ഓഡിറ്റ് ഡയരക്ടർ എം.എസ് ഷെറിൻ ഉത്തരവിൽ പറയുന്നു. അതേസമയം, ഓഡിറ്റ് സംഘത്തിന്റെ രൂപീകരണം, ഘടന, ഓഡിറ്റ് രീതി, റിപ്പോർട്ടിന്റെ ഘടന, ചെലവ് എന്നിവ ഉൾപ്പെടുത്തി സർക്കാർ അംഗീകരിക്കുന്ന സ്‌കീം പ്രകാരമായിരിക്കണം ഓഡിറ്റ് ഡയരക്ടർ ടീമിനെ നിയോഗിക്കേണ്ടത്.
ഇക്കാര്യം സഹകരണ നിയമത്തിൽ കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും സ്‌കീം സർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ടീം ഓഡിറ്റ് കാര്യക്ഷമമാകില്ലെന്നാണ് വിലയിരുത്തൽ. 2024 ജൂൺ ഏഴിന് നിലവിൽ വന്ന സഹകരണ നിയമ ഭേദഗതിയിൽ സർക്കാർ വിജ്ഞാപനപ്രകാരം അംഗീകരിക്കപ്പെടുന്ന സ്‌കീമിന് അനുസൃതമായി ഓഡിറ്റ് ഡയരക്ടർ നിയമിക്കുന്ന ടീമിനെ കൊണ്ടുവേണം ഓഡിറ്റ് നടത്താൻ എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെ ടീം ഓഡിറ്റ് നടപ്പാക്കിയാൽ അത് സഹകരണ നിയമം 63 (9) വകുപ്പിന് വിരുദ്ധമാണ്.
ഓഡിറ്റർമാരുടെ അമിത ജോലിഭാരവും പ്രശ്‌നമാണ്. സഹകരണ നിയമപ്രകാരം ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തികവർഷത്തെ കണക്ക് മെയ് 16 ന് മുമ്പ് സമർപ്പിച്ചാൽ മതി. ഭൂരിഭാഗം സംഘങ്ങളും അവസാന സമയമാണ് കണക്ക് സമർപ്പിക്കുന്നത്. എന്നാൽ, മെയ് 31ന് മുമ്പ് കണക്കുകൾ പരിശോധിക്കണമെന്നാണ് ഓഡിറ്റർമാർക്ക് ഡയരക്ടർ നൽകിയിരിക്കുന്ന നിർദേശം. അതായത് 14 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഇങ്ങനെ നടത്തുന്ന വഴിപാട് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താൻ കഴിയില്ല. ഓഡിറ്റർമാർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ മറ്റ് സംവിധാനങ്ങളുമില്ല. എൻട്രി മീറ്റിങ്, എക്‌സിറ്റ് മീറ്റിങ്, ഓഡിറ്റ് മട്രിക്‌സ് തുടങ്ങിയവയെല്ലാം ഓഡിറ്റർമാർക്ക് കുരുക്കാവുകയാണ്.
മൂന്നംഗ ഓഡിറ്റ് ടീമിന് 105 സംഘങ്ങൾ വരെ പരിശോധിക്കേണ്ട അവസ്ഥയാണ് നിലവിൽ. ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, കൂടുതൽ ക്രക്കേടുകൾക്കും വഴിവയ്ക്കും. 1981 ലെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിൽ സഹകരണ വകുപ്പിലുള്ളത്. 23,080 സഹകരണ സ്ഥാപനങ്ങളുടെ 12,600 ശാഖകളും 4 ലക്ഷത്തിലധികം ഫയലുകളും രണ്ടു ലക്ഷം കോടി നിക്ഷേപവും പരിശോധിക്കാനുള്ള ചുമതല 272 യൂനിറ്റ് ഇൻസ്‌പെക്ടർമാർക്കും 437 യൂനിറ്റ് ഓഡിറ്റർമാർക്കുമാണ്.
5,000 സഹകരണ സ്ഥാപനങ്ങളും 800 ശാഖകളും അയ്യായിരത്തോളം ഫയലുകളും 10,000 കോടിയുടെ നിക്ഷേപവുമുള്ള സമയത്തെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിലുള്ളത്. 16 ക്രെഡിറ്റ് സംഘങ്ങൾക്ക് ഒരു യൂനിറ്റ് ഇൻസ്‌പെക്ടർ എന്നതായിരുന്നു ആദ്യകാലത്തെ കണക്ക്. സഹകരണ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 400 ശതമാനത്തിന്റെയും ബിസിനസിൽ 800 ശതമാനത്തിന്റെയും വർധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രവർത്തന മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റർമാരെ നിയമിച്ചാൽ മാത്രമേ സുതാര്യമായ ഓഡിറ്റിങ് സാധ്യമാകൂ. ഓഡിറ്റ് കഴിഞ്ഞതിനു ശേഷവും തിരുത്താവുന്ന സോഫ്റ്റ്‌വെയറാണ് മിക്ക സംഘങ്ങളിലും നിലവിലുള്ളത്. ഇതും വൻ ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നുണ്ട്. ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."