പട്ടികവിഭാഗക്കാരുടെ പദ്ധതികളിലും കടുംവെട്ട് 50% ; വാൽസല്യ നിധി പദ്ധതിക്ക് തുകയില്ല
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ന്യൂനപക്ഷ ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ പദ്ധതികളിലും കടുംവെട്ട്. കഴിഞ്ഞ 25നാണ് പദ്ധതികളിൽ കടുംവെട്ട് നടത്തി ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദേശപ്രകാരം പട്ടിക ജാതി വകുപ്പ് ഉത്തരവിറക്കിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം, കഴിവുകൾ, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതിയായ വാൽസല്യ നിധിയിൽ നിന്ന് 100 ശതമാനമാണ് വെട്ടിയത്.
10 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം. ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കേണ്ട എന്നാണ് ഉത്തരവ്. ഇതുകൂടാതെ വർക്കിങ് വുമൻസ് ഹോസ്റ്റലിനും തുക അനുവദിക്കേണ്ടെന്നാണ് ഉത്തരവ്. ഹോസ്റ്റലിനായി 25 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി വീടുനൽകുന്ന പദ്ധതിക്ക് വകയിരുത്തിയ തുക ഉൾപ്പെടെ വകുപ്പിന്റെ പദ്ധതികളിൽ 50 ശതമാനമാണ് വെട്ടിക്കുറച്ചത്. ഭവനരഹിത പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിക്ക് 30 കോടിയാണ് ഈ സാമ്പത്തികവർഷത്തെ ബജറ്റിൽ വകയിരുത്തിയത്. ഇത് 12 കോടിയാക്കിയാണ് വെട്ടി ക്കുറച്ചിരിക്കുന്നത്. 60 ശതമാനമാണ് ഈ പദ്ധതിയിൽ മാത്രം തുക വെട്ടിക്കുറച്ചത്.
പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിർമിച്ച ഭവനങ്ങളുടെ പൂർത്തികരണത്തിനും ജീർണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും 17.2 കോടിയാണ് വകയിരുത്തിയത്. ഇത് 14.2 കോടിയായി കുറച്ചു. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ഭൂമി വാങ്ങാൻ സഹായം നൽകുന്ന പദ്ധതിക്ക് 14 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 5.52 കോടിയായി വെട്ടിക്കുറച്ചു. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങൾക്ക് പെൺമക്കളുടെ വിവാഹത്തിനായി 1.25 ലക്ഷം രൂപ നൽകുന്ന പദ്ധതിക്ക് 8.6 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 5 കോടിയായി വെട്ടിക്കുറച്ചു.
സാമ്പത്തികവർഷം തീരാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോൾ പട്ടികജാതി വിഭാഗക്കാരുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിങ് ബോർഡ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് പദ്ധതിവിഹിതത്തിലെ 50 ശതമാനം വെട്ടിക്കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."