സുരക്ഷാ പ്രശ്നം; ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് ചെന്താമരയെ മാറ്റിയത്. എട്ടുമണിയോടെ അതീവസുരക്ഷയിലായിരുന്നു ചെന്താമരയുടെ ജയിൽ മാറ്റം.ആലത്തൂർ സബ് ജയിലിൽ കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ നൽകിയത്. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നായിരുന്നു പൊലീസിൻറെ റിമാൻഡ് റിപ്പോർട്ട്. തൻറെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻറെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാൾ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. കൊല നടത്തിയത് പൂർവവൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികൾക്ക് തുടർച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനായി കൊടുവാളിൻറെ കൈ പിടി പ്രത്യേകം ഉണ്ടാക്കിച്ചതാണ്. മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാളാണ് പ്രതി വാങ്ങിയത്. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ച് കൊലപാതകം നടത്തിയത്. സുധാകരൻ പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുധാകരൻറെ രണ്ട് പെൺമക്കൾക്കും സാക്ഷികൾക്കും പ്രതി പുറത്തിറങ്ങിയാൽ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു ആണ് വക്കാലത്ത് നൽകിയത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
In a move to address security concerns, Chenthamara has been transferred from Alathur Sub Jail to Viyur Central Jail, ensuring enhanced safety measures for the high-profile inmate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."