സഊദിയിലെ പ്രശസ്തമായ യാംബു പുഷ്‌പോത്സവത്തിന് തുടക്കമായി
റിയാദ്: സഊദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്‌പോത്സവത്തിന് തുടക്കമായി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് പുഷ്‌പോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് മേളയിലേക്കുള്ള സന്ദർശന സമയം. മേള ഫെബ്രുവരി 27 ന് അവസാനിക്കും.
വിവിധ പവിലിയനുകൾ, റീ സൈക്കിൾ ഗാർഡൻ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകളും വിശാലമായ പൂ പരവതാനികൾ തുടങ്ങിയവയെല്ലാം മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
https://window.rcjy.gov.sa/RCJYReservation എന്ന പോർട്ടലിൽ നിന്നും ടിക്കറ്റ് എടുത്താണ് മേളയിലെത്തേണ്ടത്. നഗരിയിൽ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വില്പനയും അറബി കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നതാണ്. സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് മേളയിലെ പുഷ്പ സാഗര ദൃശ്യം. അധികൃതർ യാംബു പുഷ്പമേള സംഘടിപ്പിച്ചുവരുന്നത് വാണിജ്യ വിനോദ പരിപാടികൾ സജീവമാക്കുന്നതിന്റെ ഭാഗമായും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മുൻ നിർത്തിയുമാണ്.
താത്കാലികമായിട്ടാണെങ്കിലും സഊദി യുവതീ യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളകളിലൂടെ അധികൃതർ ലക്ഷ്യമിടുന്നു. അതിവിശാലമായ പൂ പരവതാനിക്ക് നേരത്തേ രണ്ടുതവണ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേളക്ക് കഴിഞ്ഞ വർഷം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി നേടി ആഗോള ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. ഇതിനകം തന്നെ ദേശീയ, അന്തർ ദേശീയതലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്‌പോത്സവം മാറിയിട്ടുണ്ട്.
The picturesque city of Yambu in Saudi Arabia welcomes the start of its renowned flower festival, showcasing a kaleidoscope of colors and celebrating the region's natural beauty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."