'ജലദോഷം വന്നാൽ പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികൾക്ക് കാൻസർ ആണെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണാൻ മടി'; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജലദോഷം വന്നാൽ പോലും പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികൾ കാൻസറാണെന്ന് സംശയം തോന്നിയാൽ പോലും ഡോക്ടറെ കാണാൻ മടിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഭയമാണ് ഇതിന് പിന്നെലെ കാരണമെന്നും മന്ത്രി പറഞ്ഞു. സ്തനാർബുദ സാധ്യത തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളർത്തുന്നതിനായി പൊതുപ്രവർത്തകയുമായ നിഷ ജോസ് കെ മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് വഴുതക്കാട് ഗവ; വിമൻസ് കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടു വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ സ്തനാർബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണ്.
നാൽപ്പത് വയസിന് മുകളിലാണ് സ്തനാർബുദ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടന 30 വയസിന് മുകളിലുള്ളവർ സ്തനാർബുദ സാധ്യത പരിശോധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് സ്തനാർബുദ രോഗികൾ ഉണ്ടെങ്കിൽ ഒരാൾ മരിക്കുന്നു.രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ തീർച്ചയായും രക്ഷപ്പെടാൻ സാധിക്കും. ഗുണമേന്മയും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കണമെങ്കിൽ രോഗം എത്രയും വേഗം കണ്ടെത്തണം. നിഷ ജോസ് കെ മാണി ഏറ്റെടുത്തിരിക്കുന്ന യാത്ര സഹജീവികൾക്കുള്ളതാണ്. ഓരോരുത്തരിലും ഇത് എത്തിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."