നിധി കുഴിച്ചെടുക്കാൻ ആരിക്കാടി കോട്ടയിലെ കിണറ്റിലിറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘവും പിടിയിൽ
കാസർകോട്: നിധി കുഴിച്ചെടുക്കാനെത്തിയ അഞ്ചംഗ സംഘം പോലീസ് പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ള അഞ്ചംഗ സംഘമാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കുമ്പള ആരിക്കാടി കോട്ടയ്ക്ക് അകത്ത് നിധിയുണ്ടെന്ന് നിധിയുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാറും 4 സുഹൃത്തുക്കളും പൊലീസ് പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കുകയായിരുന്നു.
ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് ഇവരെ നാട്ടുകാർ ചേർന്ന് പിടികൂടി. കിണറിനകത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
ഇവരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുമ്പള പൊലീസ് അറിയിച്ചു. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തി. പുരാവസ്‌തു വകുപ്പിൻ്റെ അധീനതയിലുള്ളതാണ് കുമ്പള ആരിക്കാടി കോട്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."