ചത്തത് ഏഴു വയസു പ്രായം തോന്നിക്കുന്ന കടുവ; ശരീരത്തില്‍ കണ്ട ആഴത്തിലുള്ള പരുക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലുണ്ടായത്; വെടിവെച്ചിട്ടില്ലെന്ന് ഡോ.അരുണ്‍ സക്കറിയ
വയനാട്: പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 12.30-ന് കടുവയെ കണ്ടെത്തിയതായി വിവരം ലഭിച്ചു. 2.30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരുക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണെന്നും അദ്ദേഹം പറഞ്ഞു.
അധികം പ്രായമില്ലാത്ത കടുവയാണിത്. ഏറിയാല്‍ ആറോ ഏഴോ വയസ് കാണും. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ മുറിവുകളാണെന്ന് പ്രാഥമികമായി പറയാം. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ പരുക്കുകളുണ്ട്. കഴുത്തില്‍ ആഴത്തിലുള്ള 2 മുറിവുകളുണ്ട്.
കടുവയെ ബേസ് ക്യാംപിലേക്ക് എത്തിച്ചിരിക്കുകയാണ്. കാല്‍പാദം പിന്തുടര്‍ന്ന ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട ഒരു സ്ഥലത്തുവച്ച് രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."